കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ബിജെപി നേതാവിനെതിരെ കേസ്

ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രനെതിരെയാണ് എളമക്കര പോലീസ് കേസെടുത്തത്

Update: 2023-10-08 05:11 GMT

എറണാകുളം: കൊച്ചിയിൽ കെട്ടിട നിർമ്മാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബിജെപി നേതാവിനെതിരെ കേസ്. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി അംഗം ബാലചന്ദ്രനെതിരെയാണ് എളമക്കര പോലീസ് കേസെടുത്തത്. കെട്ടിട നിർമാണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നൽകിയ പരാതി പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

എളമക്കരയിൽ അപ്പാർട്ട്മെന്‍റിന്‍റെ നിർമ്മാണം നടക്കുന്നതിനിടയിലാണ് കെട്ടിട നിർമ്മാതാവായ ശ്രീനിവാസനെതിരെ കൊച്ചി കോർപ്പറേഷനിൽ പരാതി ലഭിക്കുന്നത്. ചട്ടം ലംഘിച്ചാണ് കെട്ടിട നിർമ്മാണമെന്ന കാക്കനാട് സ്വദേശി ശ്യാമിന്‍റെ പരാതിയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി ജില്ലാ കമ്മറ്റി അംഗമായ ബാലുവെന്ന ബാലചന്ദ്രൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കാക്കനാട് സ്വദേശിയുടെ പരാതി പിൻവലിക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന് ശ്രീനിവാസൻ പറയുന്നു. ശ്രീനിവാസൻ നൽകിയ പരാതിയിൽ  ബാലചന്ദ്രൻ അടക്കമുള്ളവർക്കെതിരെ എളമക്കര പോലീസ് കേസെടുത്തു. നേരത്തെയും ബാലചന്ദ്രൻ അടങ്ങുന്ന സംഘം പല കെട്ടിട നിർമ്മാതാക്കളെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News