വിജിലിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്താന്‍ രണ്ട് കഡാവർ നായകളെ എത്തിച്ചു; സരോവരം പാർക്കിനോട് ചേർന്ന് പരിശോധന തുടരുന്നു

കോഴിക്കോട് മഴ ശക്തമായതോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുഷകരമാവുകയാണ്

Update: 2025-08-28 08:00 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: എലത്തൂർ സ്വദേശി വിജിലിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സരോവരം പാർക്കിനോട് ചേർന്നുള്ള സ്ഥലത്താണ് പരിശോധന. കൊച്ചിയിൽ നിന്ന് തിരച്ചിലിനായി രണ്ട് കഡാവർ നായകളെ എത്തിച്ചു.

വിജിലിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സരോവരത്തിനു സമീപത്തെ ചതുപ്പ് നിലത്തിൽ തിരച്ചിൽ ആരംഭിച്ചത്.  കോഴിക്കോട് മഴ ശക്തമായതോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുഷകരമാവുകയാണ്. തിരച്ചിലിനായി മണ്ണുമാന്തി യന്ത്രവും കൊച്ചിയിൽ നിന്ന് കഡാവർ നായകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

Advertising
Advertising

മണ്ണുമാന്തി യന്ത്രം ചതുപ്പിന്റെ ഭാഗത്തേക്ക്‌ എത്തിക്കാനായി മണ്ണിട്ട് റോഡ് ഉണ്ടാക്കുന്നുണ്ട്. സ്ഥലത്ത് വെള്ളം നിറഞ്ഞതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനാണ് പൊലീസിന്റെ ശ്രമം.  ഇന്നും തിരച്ചിൽ ഫലം കണ്ടില്ലെങ്കിൽ നാളെ ചെളി പുറത്തേക്ക് ഇട്ടായിരിക്കും പരിശോധന. മൃതദേഹഭാഗങ്ങൾ ലഭിച്ചാൽ മാത്രമേ പൊലീസിന് DNA പരിശോധന പോലുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കുകയുള്ളു.

അതേസമയം, നാളെ പ്രതികളുടെ കസ്റ്റഡി അപേക്ഷ അവസാനിക്കും. മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരാണ് എലത്തൂർ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. രണ്ടാം പ്രതി പ്രതിയായ രഞ്ജിത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News