'ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങള്‍ തനിക്കും ബാധകം': നടിയെ ആക്രമിച്ച കേസില്‍ അപ്പീലുമായി പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍

നടിയെ കൂട്ടിക്കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട ഡ്രൈവര്‍ എന്ന നിലയില്‍ മാത്രമാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും താന്‍ നിരപരാധിയാണെന്നും അപ്പീലില്‍ മാർട്ടിൻ

Update: 2025-12-24 09:55 GMT

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അപ്പീലുമായി രണ്ടാംപ്രതി ഹൈക്കോടതിയില്‍. ഗൂഢാലോചന തെളിയിക്കാനായില്ലെന്നും അതിക്രമം നടന്ന സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും മാര്‍ട്ടിന്‍. എട്ടാം പ്രതിയെ വിട്ടയച്ച അതേ മാനദണ്ഡങ്ങള്‍ തനിക്കും ബാധകമാണെന്നും എന്നാല്‍ വിചാരണാ കോടതി ഇത് പരിഗണിച്ചില്ലെന്നും അപ്പീലില്‍. നടിയെ കൂട്ടിക്കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട ഡ്രൈവര്‍ എന്ന നിലയില്‍ മാത്രമാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയത്. താന്‍ നിരപരാധിയാണെന്നും അപ്പീലില്‍ മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

'ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വിചാരണ കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ലൈംഗികാതിക്രമം നടന്ന സമയത്ത് താന്‍ അവിടെ ഉണ്ടായതായി പ്രോസിക്യൂഷന്‍ പോലും ആരോപിക്കുന്നില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. പ്രതിഭാഗം സമര്‍പ്പിച്ച രേഖാമൂലമുള്ള വാദങ്ങളും സാക്ഷിമൊഴികളും ശരിയായ രീതിയില്‍ വിലയിരുത്തുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടു.'

Advertising
Advertising

സമാനമായ സാഹചര്യത്തില്‍ ഗൂഢാലോചന ആരോപിക്കപ്പെട്ട എട്ടാം പ്രതിയെ ദിലീപിനെ വിട്ടയച്ച കോടതി, അതേ മാനദണ്ഡങ്ങള്‍ രണ്ടാം പ്രതിയായ തന്റെ കാര്യത്തില്‍ പരിഗണിച്ചില്ല. കൂട്ടിക്കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ട ഡ്രൈവര്‍ എന്ന നിലയില്‍ മാത്രമാണ് താന്‍ അവിടെ ഉണ്ടായിരുന്നത്. നിരപരാധിയാണെന്ന തെളിവുകള്‍ കോടതി യാന്ത്രികമായി തള്ളിക്കളഞ്ഞുവെന്നും അപ്പീലില്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ എട്ടാംപ്രതിയായ ദിലീപിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കുറ്റക്കാരെന്ന് കോടതിക്ക് ബോധ്യമായ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും വിധിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News