സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് മരണം; മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയും മരിച്ചു

ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Update: 2025-09-01 02:54 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്ന് രണ്ടുപേര്‍ മരിച്ചു. വേങ്ങര സ്വദേശി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിൻ്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞ്  കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.

രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ആഴ്ച ഇവരുടെ നില ഗുരുതരമാകുകയായിരുന്നു.  ഇന്നലെ പുലര്‍ച്ചെയാണ് റംല മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ പത്ത് പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.

Advertising
Advertising

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം:

കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗലക്ഷണങ്ങള്‍:

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.

കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും രോഗലക്ഷണങ്ങളുടെ ഭാഗമാണ്. രോഗം ഗുരുതരമായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണാം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടന്ന വെള്ളത്തില്‍ കുളിച്ചവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.

മാലിന്യം കലര്‍ന്ന തോടുകളിലും കുളങ്ങളിലും കുളിക്കുന്നവരിലാണ് പൊതുവെ രോഗം കാണപ്പെടുന്നത്. പകരാന്‍ സാധ്യതയുള്ള അമീബിക് ജ്വരം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നല്‍കുന്നത് രോഗത്തിന്റെ കാഠിന്യം കുറക്കാന്‍ സഹായിക്കുമെന്നാണ് പഠനം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News