മഴക്കെടുതി: മണ്ണാർക്കാട്ട് വീട് തകർന്ന് വയോധിക മരിച്ചു; ആലപ്പുഴയിൽ കടലിൽ വീണ് വിദ്യാർഥി മരിച്ചു

കൊട്ടിയൂർ ഉത്സവത്തിനെത്തിയ രണ്ടുപേരെ ബാവലി പുഴയിൽ കാണാതായി

Update: 2025-06-16 09:22 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്/തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ മഴക്കെടുതികളും രൂക്ഷമായി. പാലക്കാട് മണ്ണാർക്കാട്  തകർന്ന് വയോധിക മരിച്ചു. മണലടിയിൽ സ്വദേശി പാത്തുമ്മബി ആണ് മരിച്ചത്. നിർമാണത്തിന്‍റെ ഭാഗമായി ഇവരുടെ വീട് പൊളിക്കുന്നതിനിടയിലാണ് അപകടം.

നെല്ലിയാമ്പതിയിൽ കെഎസ്ഇബി ജീപ്പിന് മുകളിലേക്ക് മരം വീണു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. അതേസമയം, നീരൊഴുക്ക് വർധിച്ചതോടെ കാഞ്ഞിരപ്പുഴ , ശിരുവാണി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി . മംഗലം ഡാമിൻ്റെ ഷട്ടറും ഇന്ന് രാവിലെ തുറന്നു.

കണ്ണൂരിൽ നഗരത്തിൽ അടക്കം താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊട്ടിയൂർ ഉത്സവത്തിനെത്തിയ രണ്ടുപേരെ ബാവലി പുഴയിൽ കാണാതായി. കാഞ്ഞങ്ങാട് സ്വദേശി അഭിജിത്ത്, കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ദേശീയപാത നിർമ്മാണം നടക്കുന്ന തളിപ്പറമ്പ് പുളിമ്പറമ്പിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഒഴുക്ക് വർധിച്ചതിനെ തുടർന്ന് ചെറുപുഴയിലും ഇരിട്ടിയിലും പുഴയരികിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Advertising
Advertising

കാസർകോട് ജില്ലയിൽ കാര്യങ്കോട്, നീലേശ്വരം, മൊഗ്രാൽ ഉപ്പള പുഴകൾ കരകവിഞ്ഞു. വിവിധയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മലപ്പുറം പരപ്പനങ്ങാടിയിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പാലത്തിങ്ങൽ കൊട്ടന്തല എഎംഎൽ പി സ്കൂളിന്റെ മേൽക്കൂര തകർന്നു.

കോഴിക്കോട് വെസ്റ്റ് മാഹിയിൽ ഉണ്ടായ വൻ ചുഴലിക്കാറ്റിൽ വീടുകളുടെ മേൽക്കൂരകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. ഇരിങ്ങണ്ണൂർ മുടവന്തേരിയിൽ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. തൂണേരിയിൽ ബഡ്സ് സ്കൂളിന് മുകളിൽ മൺതിട്ടയിടിഞ്ഞ് കെട്ടിടം തകർന്നു. കാണാഞ്ചേരി മൊയ്തുവിന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തിയാണ് സ്കൂളിന് മുകളിൽ തകർന്ന് വീണത്. 

ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ സ്വദേശി ഡോൺ ന്റെ മൃതദേഹമാണ് ഇന്ന് പുലർച്ചെ പുറക്കാട് തീരത്ത് അടിഞ്ഞത്.കുട്ടനാട്ടിൽ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപെട്ടു.

പത്തനംതിട്ടയിൽ ശക്തമായ കാറ്റിൽ വീടിനു മുകളിലേക്ക് മരം വീണ് ഗ്രഹനാഥനും കുടുംബത്തിനും പരിക്കേറ്റു. മലയാലപ്പുഴ താഴം ശ്യാം നിവാസിൽ കൃഷ്ണൻ നായർക്കും കുടുംബത്തിനുമാണ് പരിക്കേറ്റത്.

തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണത്തിൽ ശംഖുമുഖം ,വെട്ടുകാട് തീരങ്ങളിൽ വീടുകൾ തകർന്നു. തീരവും ജീവനും സംരക്ഷിക്കാൻ കല്ലുകൾ പാകി തടയണ കെട്ടണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

ഇടുക്കി ചെമ്മണ്ണാറിൽ ശക്തമായ മഴയിൽ കവുങ്ങ് വീടിനു മുകളിലേക്ക് വീണ് മൂന്നു വയസുകാരന് ഗുരുതര പരിക്ക്. ചെമ്മണ്ണാർ സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് പരിക്കേറ്റത്.

തലയനാട് തച്ചപ്പിള്ളിൽ ഓമനക്കുട്ടന്റെ വീടിന്റെ സംരക്ഷണ ഭിത്തി മഴയിൽ ഇടിഞ്ഞു വീണു. ചിന്നക്കനാൽ ബിയൽറാമിൽ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് പത്തോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. വെള്ളയാംകുടിയിൽ ലിസ്സിയുടെ വീടിന്റെ മുകളിൽ മരം വീണു വീട് ഭാഗികമായി തകർന്നു. മുലമറ്റം വാഗമൺ റോഡ് മരം ഒടിഞ്ഞ് വീണ് ഗതാഗത തടസ്സപ്പെട്ടു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News