തെരഞ്ഞെടുപ്പ് അവലോകനം: തിരുവനന്തപുരത്തും കോഴിക്കോടും അട്ടിമറി പ്രതീക്ഷിച്ച് യുഡിഎഫ്

തിരുവനന്തപുരത്ത് ആകെയുള്ള 14 മണ്ഡലങ്ങളിൽ കോവളം മാത്രമായിരുന്നു കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്നത്

Update: 2026-04-12 03:28 GMT

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ സംസ്ഥാനത്ത് വലിയ അട്ടിമറി വിജയങ്ങൾ പ്രതീക്ഷിച്ച് യുഡിഎഫ്. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും വലിയ തോതിൽ വോട്ടിങ്ങിൽ പ്രതിഫലിച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തും വടക്കൻ കേരളത്തിൽ കോഴിക്കോടും വലിയ മുന്നേറ്റമാണ് യുഡിഎഫ് ക്യാമ്പുകൾ കണക്കുകൂട്ടുന്നത്. അതേസമയം, ഉയർന്ന പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്നും പരമ്പരാഗത കോട്ടകൾ ഭദ്രമായി നിലനിർത്താനാകുമെന്നും എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.

Advertising
Advertising

തിരുവനന്തപുരം ജില്ലയിൽ ഇത്തവണ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശിയതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ആകെയുള്ള 14 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ കോവളം മാത്രമായിരുന്നു യുഡിഎഫിനൊപ്പം നിന്നത്. എന്നാൽ ഇത്തവണ ജില്ലയിൽ അഞ്ചു മുതൽ എട്ട് സീറ്റുകൾ വരെ ലഭിക്കാമെന്ന് മുന്നണി കണക്കുകൂട്ടുന്നു. സിറ്റിങ് സീറ്റായ കോവളത്തിന് പുറമേ, തിരുവനന്തപുരം സെൻട്രലിലും നെയ്യാറ്റിൻകരയിലും വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ. നെയ്യാറ്റിൻകര, കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിൽ നാടാർ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് വലിയ തോതിൽ അനുകൂലമായിട്ടുണ്ട്. ഇതിന് പുറമെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കൂടി അനുകൂലമായാൽ വാമനപുരത്തും ചിറയിൻകീഴിലും അട്ടിമറി വിജയം തന്നെ മുന്നണി പ്രതീക്ഷിക്കുന്നുണ്ട്.

കടുത്ത ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിൽ ബിജെപി വോട്ടുകൾ പൂർണമായും എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖയ്ക്ക് പോൾ ചെയ്യപ്പെട്ടിട്ടില്ല എന്നാണ് യുഡിഎഫിന്റെ നിഗമനം. ഈ വോട്ടുകൾ ആർക്ക് അനുകൂലമാകും എന്നതിനെ അടിസ്ഥാനമാക്കിയാകും കെ. മുരളീധരന്റെ ജയം. ന്യൂനപക്ഷ വോട്ടുകൾക്കൊപ്പം ഭൂരിപക്ഷ സമുദായ വോട്ടുകളിൽ കടന്നുകയറ്റം നടത്താൻ മുരളിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇവിടെയും യുഡിഎഫിന് തിളക്കമാർന്ന വിജയം നേടാം. ഇതിനുപുറമെ, ശക്തമായ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ ബിജെപി പിടിക്കുന്ന വോട്ടുകളും യുഡിഎഫിന്റെ ജയപരാജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തും.

കോഴിക്കോട് ജില്ലയിലും സമാനമായ വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകൾ പ്രകാരം 81.35 ശതമാനമാണ് കോഴിക്കോട് ജില്ലയിലെ ആകെ പോളിങ്. കുന്ദമംഗലം മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് (84.83%) രേഖപ്പെടുത്തിയത്, കൊയിലാണ്ടിയിൽ ഏറ്റവും കുറവും (79.44%). എലത്തൂർ, ബാലുശ്ശേരി എന്നീ രണ്ട് മണ്ഡലങ്ങളിലൊഴികെ ജില്ലയിലെ ബാക്കി 11 മണ്ഡലങ്ങളിലും തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി കോഴിക്കോട് ജില്ലയിൽ നിന്ന് കൈപ്പത്തി ചിഹ്നത്തിൽ ഒരു കോൺഗ്രസ് എംഎൽഎ പോലുമില്ലെന്ന വലിയ വിമർശനം ഉയർന്ന പോളിങ് ശതമാനത്തിന്റെ പിൻബലത്തിൽ ഇത്തവണ തിരുത്തിക്കുറിക്കാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

കോഴിക്കോട് ജില്ലയിൽ ആകെയുള്ള 13 മണ്ഡലങ്ങളിൽ പത്ത് സീറ്റുകൾ വരെ നേടാമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. കോഴിക്കോട് സൗത്ത്, കുന്ദമംഗലം, തിരുവമ്പാടി, നാദാപുരം, കൊയിലാണ്ടി, ബാലുശ്ശേരി, കോഴിക്കോട് നോർത്ത് തുടങ്ങിയ മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ, ബൂത്ത് തലത്തിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ എട്ട് സീറ്റുകൾ നിലനിർത്താനാകുമെന്നും അഞ്ച് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നുമാണ് എൽഡിഎഫിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വടകരക്കും കൊടുവള്ളിക്കും പുറമെ, നാദാപുരം, തിരുവമ്പാടി, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങൾ കൂടി യുഡിഎഫ് പിടിച്ചെടുത്തേക്കാമെന്ന് സിപിഎം ക്യാമ്പുകളും കണക്കുകൂട്ടുന്നുണ്ട്.

എന്നിരുന്നാലും ബേപ്പൂർ, പേരാമ്പ്ര, എലത്തൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, കുന്ദമംഗലം, കൊയിലാണ്ടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ മികച്ച വിജയം നേടി കോഴിക്കോട്ടെ മേധാവിത്വം നിലനിർത്താൻ കഴിയുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. ബേപ്പൂർ, പേരാമ്പ്ര, എലത്തൂർ എന്നീ മൂന്ന് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്ന് ഇരുമുന്നണികളും ഒരുപോലെ സമ്മതിക്കുന്നുണ്ട്. കോഴിക്കോട് നോർത്ത്, സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിയും തങ്ങളുടേതായ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഇരു മുന്നണികളും തങ്ങളുടെ വിജയസാധ്യതകളിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും, ശക്തമായ അനുകൂല തരംഗം ദൃശ്യമായാൽ കണക്കുകൂട്ടലുകൾക്ക് അപ്പുറമുള്ള വമ്പൻ വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News