തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. അധ്യാപകരിൽ നിന്ന് നിതിന് കൊടിയ ജാതി അധിക്ഷേപം നേരിടേണ്ടി വന്നതായും, കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയതല്ല, മറിച്ച് അധ്യാപകർ തള്ളിയിട്ടതാണോ എന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു. വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നിതിൻ മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് രണ്ട് അധ്യാപകരെ കോളജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കോളജിലെ അധ്യാപകരിൽ നിന്ന് നിതിന് ഗുരുതരമായ മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി സഹോദരി നിഖിത വെളിപ്പെടുത്തി. 'അവർ അവനെ 'തെരുവ് പട്ടി' എന്നാണ് വിളിച്ചിരുന്നത്. എഴുത്തും വായനയും അറിയില്ലെന്ന് പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. എന്നാൽ അവന് അവിടെ പോകേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. പലരിൽ നിന്നും പലതരത്തിലുള്ള അധിക്ഷേപങ്ങൾ അവന് നേരിടേണ്ടി വന്നിട്ടുണ്ട്,' നിഖിത പറഞ്ഞു.
നിതിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ കുടുംബം വെളിപ്പെടുത്തി. നിറത്തിന്റെ പേരിൽ പോലും അധ്യാപകൻ നിതിനെ അധിക്ഷേപിച്ചിരുന്നു. 'പുഴുത്ത പട്ടി, പേപ്പട്ടി' എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം. ക്ലാസിൽ വെച്ച് നിതിന്റെ ഉത്തരക്കടലാസുകൾ മറ്റ് വിദ്യാർഥികൾക്ക് കൈമാറി അധ്യാപകൻ പരസ്യമായി പരിഹസിച്ചു. ഈ സമയത്ത് നിതിനെ നോക്കി ചിരിക്കാൻ മറ്റ് വിദ്യാർഥികളെ ഇയാൾ നിർബന്ധിച്ചിരുന്നു. കളിയാക്കുമ്പോൾ ചിരിക്കാത്ത കുട്ടികളെ അധ്യാപകൻ മർദിച്ചിരുന്നതായും സഹോദരി ആരോപിച്ചു. കൂടാതെ, ഹോസ്റ്റലിലും കടുത്ത വിവേചനമാണ് കുട്ടിക്ക് നേരിടേണ്ടി വന്നത്. പനി വന്ന സമയത്ത് നിതിനെ ഹോസ്റ്റൽ മുറിയിൽ നിന്ന് മാറ്റി സിക്ക് റൂമിൽ ഒറ്റക്ക് പാർപ്പിച്ചു. നിതിനെ ഹോസ്റ്റലിൽ നിർത്താൻ അധികൃതർക്ക് താല്പര്യമില്ലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. മറ്റ് ചില വിദ്യാർഥികൾക്കും സമാനമായ ദുരനുഭവങ്ങൾ ഈ അധ്യാപകനിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മരിക്കുന്നതിന്റെ തലേദിവസം രാത്രി പതിനൊന്നര വരെ നിതിൻ വീട്ടുകാരുമായി വിഡിയോ കോളിൽ വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നുവെന്നും, യാതൊരുവിധത്തിലുള്ള മാനസിക പ്രയാസങ്ങളും അവനില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും, മരിക്കുന്ന അന്ന് നാട്ടിലേക്ക് വരാൻ അവൻ ടിക്കറ്റ് എടുത്തിരുന്നതായും സഹോദരി ഭർത്താവ് അശോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 'കോളജിന്റെ മുകളിൽ നിന്ന് ചാടി എന്നാണ് അധികൃതർ ആദ്യം വിളിച്ചറിയിച്ചത്, എത്രയും പെട്ടെന്ന് വരണമെന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ മരണവിവരം ഞങ്ങൾ വാർത്തകളിലൂടെയാണ് അറിയുന്നത്. കോളജ് അധികൃതർ അത് ഔദ്യോഗികമായി അറിയിച്ചില്ല,' അദ്ദേഹം വ്യക്തമാക്കി.
സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകർ അവനെ സ്ഥിരമായി അധിക്ഷേപിച്ചിരുന്നതായി നിതിൻ വീട്ടിൽ പറഞ്ഞിരുന്നു. 'നീ തെരുവ് പട്ടി അല്ലേ, നിനക്ക് ഇവിടെ പഠിക്കാൻ എന്ത് അർഹതയുണ്ട്' എന്ന് അവർ ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് അവനെ സ്ഥിരമായി അപമാനിക്കാൻ തുടങ്ങിയതെന്നും അശോക് കുമാർ പറയുന്നു. നിതിൻ കോളജിന്റെ മുകളിൽ നിന്ന് ചാടുമെന്ന് വിശ്വസിക്കുന്നില്ലെന്നും, ജീവനക്കാർ റാഗ് ചെയ്തതാണോ അതോ കെട്ടിടത്തിൽ നിന്ന് പിടിച്ച് തള്ളിയിട്ടതാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ചക്കരക്കൽ പൊലീസിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ജാതി അധിക്ഷേപം ശരിവെക്കുന്ന തരത്തിലുള്ള നിതിന്റെ ചില ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. നിതിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Full View