കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ മേഖലയെ വീണ്ടെടുക്കാൻ യുഡിഎഫ് നിയോഗിച്ച ഡോ. എസ്.എസ് ലാലിന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് കമ്മിഷൻ പഠന റിപ്പോർട്ട് സമർപ്പിച്ചു. ഹെൽത്ത് കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് ഭാവി കേരളത്തിന് ഒരു വിജ്ഞാന സമ്പത്തായിരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.
ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാനും വൺ ഹെൽത്ത് പ്ലാറ്റ്ഫോം നടപ്പാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയിൽ, എല്ലാ ജില്ലകളിലും സ്പെഷാലിറ്റി, മൾട്ടി സ്പെഷാലിറ്റി ചികിത്സാ സൗകര്യങ്ങളും വിഭാവനം ചെയ്യുന്നുണ്ട്. ആദിവാസി/ മലയോരമേഖലകളിൽ പ്രത്യേക ട്രൈബൽ ഹെൽത്ത് ക്ലസ്റ്ററുകളും തീരദേശ മേഖലകളിൽ കോസ്റ്റൽ കെയർ യൂണിറ്റുകളും വനിതകൾക്കായി ഷീ ആശുപത്രികളും എല്ലാ പഞ്ചായത്തുകളിലും അടിയന്തര ചികിത്സാ സംവിധാനങ്ങളുള്ള ആംബുലൻസുകളും തയ്യാറാക്കും. കേരളത്തെ വിദേശത്തുനിന്നുള്ളവർക്ക് വരെ ചികിത്സക്കായി ആശ്രയിക്കാവുന്ന ഹെൽത്ത് ഡെസ്റ്റിനേഷനാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരിശോധനയും മരുന്നും സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ അവകാശമാക്കും. ഭിന്നശേഷിക്കാർക്കും വയോധികർക്കും പ്രത്യേക പരിചരണം ഉറപ്പാക്കും എന്നും പഠന റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യൂണിവേഴ്സൽ ഹെൽത്ത് കവറേജ് എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിന് വേണ്ടി 'ആദ്യം ആരോഗ്യം' എന്ന ആശയമാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. ഇതിലൂടെയാണ് പൊതുജനാരോഗ്യരംഗത്തെ സമൂലമായ മാറ്റം യുഡിഎഫ് വിഭാവനം ചെയ്യുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ജനങ്ങളുടെ ആരോഗ്യം സുരക്ഷിതമാക്കും. പണം ഇല്ലാതെ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. പരിശോധനയും മരുന്നും സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധാരണക്കാരുടെ അവകാശമാണെന്നതാണ് യുഡിഎഫ് നിലപാട്. സർക്കാർ കുടിശിക വരുത്തിയതിനെ തുടർന്ന് നിലച്ചുപോയ സൗജന്യ സേവനങ്ങൾ ഉറപ്പാക്കുമെന്നും സതീശൻ പറഞ്ഞു. രോഗികളുടെ എണ്ണം കണക്കാക്കി ആവശ്യമായ ക്രമീകരണങ്ങൾ നടത്താത്തതുകൊണ്ടാണ് രോഗികൾ തറയിൽ കിടക്കുന്നതും ഒന്നും രണ്ടും മൂന്നും രോഗികൾ ഒരു കട്ടിലിൽ കിടക്കുന്നതും, ഐസിയുവും വെന്റിലേറ്ററും കിട്ടാത്തതും. സെക്കൻഡറി ആശുപത്രികളിലും 24 മണിക്കൂറും ട്രോമ കെയറുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതില്ലാത്തതുകൊണ്ടാണ് ചികിത്സ വൈകുന്നതും മെഡിക്കൽ കോളജുകളിലെ തിരക്ക് വർധിക്കുന്നതും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതും. ഇൻഷുറൻസ് സംവിധാനങ്ങൾ തകർന്നതും പരിശോധിക്കണം. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരാജയത്തിലാണ്. പബ്ലിക് ഹെൽത്ത് കേഡർ പൂർണമായും നടപ്പാക്കിയിട്ടില്ല. ഇ- ഹെൽത്തും ആയിരം ആശുപത്രികളിൽ മാത്രമാണുള്ളത്. കിഫ്ബി വഴി ആശുപത്രി കെട്ടിടം പണിതിട്ടുണ്ടെങ്കിലും അവിടെയും ആവശ്യമായ സ്റ്റാഫ് പാറ്റേണില്ല. തിരുവനന്തപുരത്ത് മെഡിക്കൽ കോളജിൽ മൂന്നുപേർ ഒരു കട്ടിലിൽ കിടക്കുമ്പോഴാണ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കേളജിനായി നിർമിച്ച കെട്ടിടം വെറുതെ ഇട്ടിരിക്കുന്നത്.
ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സമാന്തര വകുപ്പുകളായാണ് പ്രവർത്തിക്കുന്നത്. അതിനെ ഏകോപിപ്പിക്കും. ആശുപത്രി വികസന സമിതികൾ പിരിക്കുന്ന പണം ഫലപ്രദമായി വിനിയോഗിക്കാൻ മാനദണ്ഡം ഉണ്ടാക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിന് മുൻഗണന നൽകി ഷീ ഹോസ്പിറ്റലുകൾ ആരംഭിക്കും. പരാമെഡിക്കൽ ഉൾപ്പെടെ ആരോഗ്യരംഗത്തെ പഠന മേഖലയിലും തൊഴിൽ മേഖലയിലുമുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ആയുഷ് രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും കമ്മിഷനെ നിയോഗിക്കും.
ആശ പ്രവർത്തകരുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കും. ആദിവാസി- തീരദേശ മേഖലകളിൽ ട്രൈബൽ ഹെൽത്ത് ക്ലസ്റ്റേഴ്സും കോസ്റ്റൽ കെയർ യൂണിറ്റുകളും സ്ഥാപിക്കും. വയോജനങ്ങൾക്ക് ജില്ലാ ആശുപത്രികൾ മുതൽ പ്രത്യേക പരിഗണന നൽകും. ആഗോള കമ്പനികൾ പ്രധാന സ്വകാര്യ ആശുപത്രികൾ വാങ്ങുകയാണ്. ഒരു ബെഡ്ഡിന് രണ്ടര കോടി രൂപയാണ് ചിലർ നൽകുന്നത്. ഇത് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് ഭീമമായി വർധിപ്പിക്കും. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ബജറ്റ് വിഹിതം വർധിപ്പിക്കും. ആരോഗ്യത്തിനായി പ്രത്യേക ഫണ്ടും സ്വകാര്യ നിക്ഷേപവും കണ്ടെത്തും. സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് ലാബുകൾ ആരംഭിക്കുന്നതിലൂടെ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാം. ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻസ് ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 60 മുതൽ 70 ശതമാനം വരെയാണിത്. അത് 35 ശതമാനാക്കി കുറയ്ക്കും. തമിഴ്നാട്ടിൽ ആറു വർഷം മുമ്പുണ്ടായിരുന്ന 64 ശതമാനം 32 ശതമാനമാക്കി കുറച്ചു. ആ മോഡലും പരിഗണിക്കും.
ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വിൽക്കപ്പെടില്ലെന്ന് ഉറപ്പാക്കും. മരുന്നുകളുടെ ഗുണനിലവാര പരിശോധന കർശനമാക്കും. ആശുപത്രികളിൽ വ്യാപകമായി കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കേടായി കിടക്കുന്നത്. ഉപകരണങ്ങൾ നന്നാക്കുന്നതിനായി സർക്കാർ തലത്തിൽ ഒരു ഏജൻസിയെ നിയോഗിക്കും. ഗോൾഡൻ അവേഴ്സിൽ സ്പെഷാലിറ്റി, മൾട്ടി സ്പെഷാലിറ്റി ചികിത്സ എല്ലാ ജില്ലകളിലും ലഭിക്കുമെന്നത് ഉറപ്പാക്കും. എല്ലാ പഞ്ചായത്തുകളിലും നാല് മിനിറ്റിനുള്ളിൽ അടിയന്തര ചികിത്സാ സംവിധാനങ്ങളുള്ള ആംബുലൻസുകൾ വിന്യസിക്കും. അതിനായി തദ്ദേശ സ്ഥാപനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും സന്നദ്ധസംഘടനകളുടെയും ഏകോപനം സർക്കാർ തലത്തിൽ ഉണ്ടാക്കും.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. സർക്കാർ- സ്വകാര്യ ആശുപത്രികളെ കൂട്ടിച്ചേർത്ത് പേഷ്യന്റ് നാവിഗേഷൻ ഉൾപ്പെടുത്തി ഡിജിറ്റൽ ഇന്റഗ്രേഷൻ നടത്തും. മുടങ്ങിക്കിടക്കുന്ന ടെലി കൺസൾട്ടേഷനും സജീവമാക്കും. വിലക്കുറവിൽ മരുന്ന് ലഭ്യമാക്കുന്നതിനു വേണ്ടി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച കാരുണ്യ ഫാർമസികൾ ആധുനികവത്കരിക്കും. ചുറ്റുപാടുമുള്ള ജീവജാലങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്. അതിനായി വൺ ഹെൽത്ത് പ്ളാറ്റ്ഫോം കേരളത്തിൽ നടപ്പാക്കും. മാനസിക ആരോഗ്യത്തിന് വേണ്ടിയുള്ള പദ്ധതികൾ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ആരംഭിക്കും. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹാരിക്കാൻ പ്രത്യേക പരിഗണന നൽകും. വയോധികർക്കും ഭിന്നശേഷിക്കാർക്കും മരുന്ന് വീട്ടിലെത്തിക്കുന്ന ഡോർ സ്റ്റെപ് ഔട്ട് റീച്ച് പദ്ധതി ആരംഭിക്കും. അങ്കണവാടിക്ക് സമാന്തരമായ അമ്മവീട് പദ്ധതികൾ ആരംഭിക്കും. ട്രാൻസ് ജൻഡേഴ്സിനെ പരിഗണിക്കുന്ന പ്രത്യേക പദ്ധതികൾ ആവിഷ്‌ക്കരിക്കും. അവരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. ഹെൽത്ത് കമ്മിഷന്റെ പഠന റിപ്പോർട്ട് നടപ്പിലാക്കുന്നതിലൂടെ വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ ആരോഗ്യവതിയാക്കാനും ഹെൽത്ത് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റാൻ സാധിക്കുമെന്നും സതീശൻ പറഞ്ഞു.