അടിവസ്ത്രം അഴിപ്പിച്ച സംഭവം: പൊതു പരീക്ഷാ മാനദണ്ഡം വേണമെന്ന് ഹൈക്കോടതിയിൽ ഹരജി

വിവാദ സംഭവത്തിലെ അവഹേളിക്കപ്പെട്ട പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും തിരുവനന്തപുരം സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടു

Update: 2022-07-27 12:31 GMT

കൊച്ചി: നീറ്റ് പരീക്ഷയ്ക്കായി അടിവസ്ത്രം അഴിപ്പിച്ച സംഭവത്തെ തുടർന്ന് പൊതു പരീക്ഷാ മാനദണ്ഡം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കൊല്ലത്ത് നടന്ന വിവാദ സംഭവത്തിലെ അവഹേളിക്കപ്പെട്ട പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും തിരുവനന്തപുരം സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടു. വീണ്ടും പരീക്ഷ നടത്താൻ ഇടക്കാല ഉത്തരവിടണമെന്നും പെൺകുട്ടിക്ക് കൗൺസലിംഗ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നിർദേശിക്കണമെന്നും പറഞ്ഞു.

അതിനിടെ, കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ രംഗത്തെത്തി. 48 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം ഉണ്ടാകരുതെന്നും കലക്ടർക്കയച്ച കത്തിൽ കമ്മീഷൻ വ്യക്തമാക്കി. ജൂലൈ 19 ന് അയച്ച കത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising

അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഏഴ് പ്രതികൾക്കും കോടതി ഈയിടെ ജാമ്യം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലക്കാരൻ ഐസക് രാജു, ഒബ്‌സർവർ ഡോ. ഷംനാദ് എന്നിവർക്കും കരാർ ജീവനക്കാരായ മൂന്നുപേർക്കും, രണ്ട് കോളേജ് ശുചീകരണ തൊഴിലാളികൾക്കുമാണ് ജാമ്യം. പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതലയുള്ള അധ്യാപകനും എൻ.ടി.എ നിയോഗിച്ച ഒബ്സര്‍വറും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അടിവസ്ത്രമടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിര്‍ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിലെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News