അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്... ഇത്ര മണ്ടനാകരുത്: പിണറായി വിജയനോട് വി. മുരളീധരൻ

കേന്ദ്രം ഞെരുക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയിക്കുന്ന കണക്കുകൾ വ്യത്യസ്തമാണെന്നും മുരളീധരൻ

Update: 2023-11-13 06:08 GMT
Advertising

കേന്ദ്രസർക്കാർ കേരളത്തിന് നൽകാനുള്ള സഹായത്തിന്റെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുതെന്നും അല്ലെങ്കിൽ മണ്ടൻ കളിച്ച് ജനങ്ങളെ മുഖ്യമന്ത്രി കബളിപ്പിക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ നിയമങ്ങളെ കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണ ഉണ്ടാകണമെന്നും കേന്ദ്രം ഞെരുക്കുന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും ധനമന്ത്രി ബാലഗോപാലും അറിയിക്കുന്ന കണക്കുകൾ വ്യത്യസ്തമാണെന്നും മുരളീധരൻ ആരോപിച്ചു. 57400 ന്റെ കൊട്ടത്തുകയാണ് മുഖ്യമന്ത്രി പറഞ്ഞെതെന്നും വിശദാംശങ്ങൾ നൽകിയത് കേട്ടിട്ടില്ലെന്നും പറഞ്ഞു. ഡൽഹിയിൽ ധർണ നടത്താനുള്ള സംസ്ഥാന സർക്കാരിൻറെ തീരുമാനത്തെ വി മുരളീധരൻ പരിഹസിച്ചു. ഡൽഹിയിൽ ധർണ നടത്തുന്നതിനു പകരം രണ്ടാം ഘഡു കിട്ടുന്നതിനു വേണ്ട അപേക്ഷ നൽകുകയല്ലേ ചെയ്യേണ്ടതെന്നും ധർണ നടത്തിയിട്ട് ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഉന്നയിച്ച കണക്കുകളിൽ ധനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

521 കോടി രൂപ കേരളം ആവശ്യപ്പെട്ടപ്പോൾ, 602. 14 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി കേന്ദ്രം നൽകിയെന്നും ഒക്ടോബർ മാസമാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഈ പണം എന്ത് ചെയ്തുവെന്നും ചോദിച്ചു. ഇത്രയും അധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ എന്തുകൊണ്ട് സംസ്ഥാനം അപേക്ഷ നൽകിയില്ലെന്നും ചോദിച്ചു. യുജിസി 750 കോടി കുടിശ്ശിക നൽകാനുണ്ടെന്ന് കേരളം പറയുന്നുണ്ടെന്നും ഈ പണത്തിനായി അപേക്ഷിക്കേണ്ട സമയത്ത് അപേക്ഷിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 2022 മാർച്ച് 31നകം ഈ പണത്തിനുവേണ്ടി അപേക്ഷിക്കണമായിരുന്നുവെന്നും പറഞ്ഞു. കേന്ദ്രം ഇത് സംബന്ധിച്ച് സംസ്ഥാനത്തെ പലതവണ ഓർമ്മിപ്പിച്ചിരുന്നതായും അവകാശപ്പെട്ടു. കേരളത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് ഈ പണം കിട്ടാത്തതെന്നും ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും മുരളീധരൻ പറഞ്ഞു. മൂലധന നിക്ഷേപം ഫണ്ടിലേക്ക് 1925 കോടി ലഭിക്കാനുണ്ടെന്ന് കേരളം പറയുന്നുവെന്നും ഈ പണം അനുവദിച്ചിട്ടും വേണ്ട രേഖകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഹെൽത്ത് ഗ്രാൻഡായി 174. 76 കോടിയാണ് കേരളം ആവശ്യപ്പെട്ടതെന്നും ഈ തുക ലഭിക്കേണ്ടതിന് ആവശ്യമായ രേഖകളും കേരളം നൽകിയില്ലെന്നും പറഞ്ഞു. തദ്ദേശസ്വയംഭരണ ഗ്രാന്റിന്റെ കാര്യത്തിലും ഇതേ സ്ഥിതിയാണെന്നും അനുവദിച്ച തുകയുടെ പകുതിപോലും കേരളം ചെലവാക്കിയിട്ടില്ലെന്നും ആരോപിച്ചു.

ഭക്ഷ്യസുരക്ഷ ഇനത്തിൽ 256 കോടി കേരളം ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം 259.63 കോടി കൊടുത്തുവെന്നും ധനക്കമ്മി ഗ്രാന്റും കേന്ദ്രം കൃത്യമായി നൽകുന്നുവെന്നും മന്ത്രി അവകാശപ്പെട്ടു. 13,286 കോടി രൂപ 2020 മുതൽ 2023 മത്സ്യബന്ധന മേഖലയ്ക്ക് കേന്ദ്രം നൽകിയെന്നും ഇതിന്റെ പകുതി മാത്രമാണ് കേരളം ചിലവാക്കിയതെന്നും പറഞ്ഞു. നെല്ല് സംഭരണത്തിനുള്ള പണവും നൽകിയെന്നും വ്യക്തമാക്കി.

കേരളം കടം എടുക്കുന്നതിന് ഗ്യാരണ്ടി നൽകുന്നത് കേന്ദ്രമാണെന്നും കർഷകരുടെ പിആർഎസ് വായ്പ തിരിച്ചടയ്ക്കാത്തവർക്ക് എങ്ങനെ കടം നൽകുമെന്നും പറഞ്ഞു. സംസ്ഥാനത്ത് നികുതി പിരിവ് നടക്കുന്നില്ലെന്നും നികുതി വാങ്ങേണ്ട ആളുകളിൽ നിന്ന് സ്‌പോൺസർഷിപ്പ് വാങ്ങുകയാണെന്നും മുരളീധരൻ ആരോപിച്ചു. കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കുമെന്ന കാര്യത്തിൽ സർക്കാരിന് സംശയം വേണ്ടെന്നും പറഞ്ഞു. പിണറായി സർക്കാരിന്റെ ധൂർത്ത് കാരണം കേരളം കടക്കെണിയിലേക്ക് പോകുകയാണെന്നും കേരളീയവും നവകേരള സദസും നടത്തി വീണ്ടും ധൂർത്ത് നടത്തുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.


Full View

Union Minister of State V Muraleedharan criticized Chief Minister Pinarayi Vijayan

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News