ജാമിഅ മില്ലിയ പ്രവേശന പരീക്ഷ; കോഴിക്കോട്ട് പരീക്ഷാ കേന്ദ്രം അനുവദിച്ച് സർവകലാശാല
നേരത്തെ തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രം ഒഴിവാക്കിയ സർവകലാശാല നടപടിയിൽ എംപിമാരും വിദ്യാർഥി സംഘടനകളും പ്രതിഷേധിച്ചിരുന്നു
ഡല്‍ഹി: കേരളത്തിൽ പ്രവേശന പരീക്ഷാകേന്ദ്രം അനുവദിച്ച് ജാമിഅ മില്ലിയ സർവകലാശാല. തിരുവനന്തപുരം സെന്‍റര്‍ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമായതോടെയാണ് പകരം പരീക്ഷാകേന്ദ്രം കോഴിക്കോട് അനുവദിച്ചത്.
പ്രോസ്പെക്ടസ് പതുക്കിപ്രസിദ്ധീകരിച്ചുകൊണ്ടാണ് കോഴിക്കോട് പരീക്ഷാകേന്ദ്രം അനുവദിച്ചത്. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലി സർവകലാശാല എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. എന്നാൽ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏക പരീക്ഷ കേന്ദ്രം എടുത്ത് കളഞ്ഞതോടെ വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സെന്‍ററുകള്‍ ആശ്രയിക്കേണ്ടി വരുമായിരുന്നു. ഇതോടെയാണ് സർവകലാശാല നടപടിക്കെതിരെ പ്രതിഷേധം ഉയർന്നത്. പ്രതിസന്ധി പരിഹരിക്കാനായി കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ പരീക്ഷാ കേന്ദ്രം ഉടനടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി വൈസ് ചൻസിലക്ക് കത്ത് അയച്ചിരുന്നു. കൂടാതെ, എംപിമാരായ ശശി തരൂരും പി. സന്തോഷ് കുമാറും നടപടിക്കെതിരെ രംഗത്തിരുന്നു.
സെന്‍റർ വെട്ടിയത് ദക്ഷിണേന്ത്യൻ വിരുദ്ധതയെന്നും കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്നവരുടെ പട്ടികയിൽ ജാമിഅ മില്ലിയയും കൂടെ ചേർന്നുവെന്നും പി.സന്തോഷ് കുമാർ എംപി മീഡിയവണിനോട് പറഞ്ഞു. സെന്‍റര്‍ വെട്ടിയതിനെ സർവകലാശാല ന്യായീകരിച്ചിരുന്നു. പ്രോസ്പെക്ടസ് കമ്മിറ്റി വിശദ പരിശോധന നടത്തിയാണ് പരീക്ഷ കേന്ദ്രങ്ങൾ തീരുമാനിച്ചതെന്നും പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് കേന്ദ്രം നിശ്ചയിക്കുന്നതെന്നുമായിരുന്നു ന്യായീകരണം.