ഉണ്ണികൃഷ്ണൻ പോറ്റിയില്‍ നിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍; തെളിവെടുപ്പ് ഉടന്‍ നടത്താന്‍ എസ്ഐടി
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുന്നു. പോറ്റിയിൽ നിന്ന് നിർണായക വിവരങ്ങൾ എസ് ഐ ടിക്ക് ലഭിച്ചു. പോറ്റിയുമായി അന്വേഷണസംഘം വൈകാതെ ബംഗളൂരുവിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ പോറ്റി ഗൂഢാലോചന വിവരങ്ങൾപോറ്റി അന്വേഷണ സംഘവുമായി പങ്കുവെച്ചിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോറ്റിയിൽ നിന്ന് ചോദിച്ചറിയാനാണ് അന്വേഷണ സംഘത്തിൻറെ തീരുമാനം.
മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും. അതിനുശേഷമാണ് ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വിളിച്ചുവരുത്തുക. ശബരിമല, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ശബരിമല എന്നിവിടങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
പോറ്റിയുടെ പുളിമാത്തുള്ള കുടുംബവീട്ടിൽ പ്രത്യേകം അന്വേഷണ സംഘവും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധനയും തുടരുകയാണ്.എസ്പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അതിനിടെ, താൻ ചെറിയ കണ്ണി മാത്രമാണെന്നും ഗൂഢാലോചന നടന്നത് ബംഗളൂരുവിലാണെന്നും പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.