'വിസ്ഡം ഇല്ലാത്ത കൂട്ടരും, വിചാരം ഇല്ലാത്ത കേന്ദ്രവും'; സൂംബ വിവാദത്തിൽ വി.ശിവൻകുട്ടി

'കുട്ടികൾ സൂംബ കളിക്കട്ടെ.. ആരോഗ്യമുള്ളവരായി വളരട്ടെ'

Update: 2025-06-30 07:54 GMT

തിരുവനന്തപുരം: സൂംബ ഡാൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. . 'വിസ്ഡം ഇല്ലാത്ത കൂട്ടരും, വിചാരം ഇല്ലാത്ത കേന്ദ്രവും' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നൃത്തം വിദ്യാർഥികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ നേരത്തെ പറഞ്ഞിരുന്നു. ലഹരിക്കെതിരെ നിർബന്ധമായി സ്കൂളിൽ സൂബാ ഡാൻസ് കളിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിൽ നിന്ന് ഒരധ്യാപകൻ എന്ന നിലക്ക് താൻ വിട്ടുനിൽക്കുന്നതായി വിസ്‍ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷൻ സെക്രട്ടറി ടി.കെ അഷ്റഫും പ്രതികരിച്ചിരുന്നു.

Advertising
Advertising

''എന്തെ വന്നില്ല എന്ന് ഓർത്തേ ഉള്ളൂ, അപ്പോഴേക്കും വന്നു... കുട്ടികൾ സൂംബ കളിക്കട്ടെ.. ആരോഗ്യമുള്ളവരായി വളരട്ടെ...'' എന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

സൂംബ ഈ നാടിന്‍റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റവും അധിനിവേശവുമാണെന്നുമാണ് സഞ്ജയന്‍റെ ആരോപണം. കേരളത്തിലേക്ക് ലഹരി കടത്തുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ, ലഹരിക്കിരയായവരെ മാത്രം അറസ്റ്റ് ചെയ്ത് പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുന്ന ചടങ്ങ് മാത്രമാണ് സർക്കാർ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സൂംബയുടെ പേരിൽ മേനി പറയുന്ന സർക്കാർ കാപട്യം വ്യക്തമാകുന്നത്.

കലാകായികരംഗത്ത് കേരളത്തിന് ഒരു മഹത്തായ പാരമ്പര്യമുണ്ട്. അതിനെ പുഷ്ടിപ്പെടുത്താനോ സംരക്ഷിക്കാനോ ഒരു പരിശ്രമവും ചെയ്യാത്ത സർക്കാർ സൂംബ പോലുള്ള വിദേശ ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്‍റെ പിന്നിൽ ചില തല്പര കക്ഷികളുടെ ഗൂഢലക്ഷ്യങ്ങൾ ഉണ്ട്. കേരളത്തിന്‍റെ പരമ്പരാഗത കായിക അധ്യാപകർക്കും ഇപ്പോൾ പരക്കെ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന യോഗ പരിശീലകർക്കും അവസരം നിഷേധിക്കുക എന്നതാണ് സൂംബ ഇറക്കുമതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിചാരകേന്ദ്രം ഡയറക്ടർ പറഞ്ഞു.

പി എസ് സി വഴി തെരഞ്ഞെടുക്കപ്പെട്ട കായിക അധ്യാപകർക്ക് സമയത്ത് നിയമനം നൽകുന്നില്ല എന്ന കാര്യവും ഇവിടെ ഓർക്കേണ്ടതാണ്. ഇതുവഴി സൂംബ പരിശീലകരുടെ പിൻവാതിൽ നിയമനവും സുഗമമാവും. ഈ നാട്ടിൽ പ്രതിഭാധനൻമാരായ കലാകാരന്മാർക്കോ കായിക പരിശീലകർക്കോ നൃത്ത സംവിധായകർക്കോ ഒന്നും പഞ്ഞമില്ല. നവീനമായ ആവിഷ്കാരങ്ങൾ വേണമെന്നുണ്ടെങ്കിൽ അത്തരക്കാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പക്ഷേ അവർക്കൊന്നും സർക്കാരിന്‍റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ല.

നാടിന്‍റെ തനിമക്കെതിരെ നടക്കുന്ന ഇത്തരം നിഗൂഢ നീക്കങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും സമൂഹം, പ്രത്യേകിച്ച് രക്ഷാകർത്താക്കളും അധ്യാപക സംഘടനകളും ശക്തമായി മുന്നോട്ടു വരണമെന്ന് ഭാരതീയ വിചാര കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

ടി.കെ അഷ്റഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വിട്ടുനിൽക്കുന്നു.

ഏതു നടപടിയും നേരിടാൻ തയ്യാറാണ്.

ലഹരിക്കെതിരെ നിർബന്ധമായി സ്കൂളിൽ സൂബാ ഡാൻസ് കളിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിൽ നിന്ന് ഒരധ്യാപകൻ എന്ന നിലക്ക് ഞാൻ വിട്ട് നിൽക്കുന്നു. എൻ്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ല. ഈ വിഷയത്തിൽ ഡിപ്പാർട്ട്മെൻ്റ് എടുക്കുന്ന ഏത് നടപടിയും നേരിടാൻ ഞാൻ തയ്യാറാണ്.

ഞാൻ പൊതു വിദ്യാലയത്തിലേക്ക് എൻ്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിൻ്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉണ്ട്.

പ്രതികരിച്ചാൽ എന്താകുമെന്ന ഭീതിയാണ്‌ പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ ഡിപ്പാർട്ട്മെൻ്റിന് വിശദീകരണം നൽകേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്ന് മാറി നിന്നാൽ എന്താണ് സർക്കാർ എടുക്കുന്ന നടപടിയെന്ന് അറിയാൻ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തൽ ബ്രൈക്ക് ചെയ്തില്ലെങ്കിൽ ഇതിലും വലിയ പ്രതിസന്ധികൾക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News