വടക്കഞ്ചേരി അപകടം: ബസ് ഗുരുതരമായ നിയമലംഘനം നടത്തിയതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ

'സംഭവം നടക്കുന്നതിന് മുമ്പ് അമിതവേഗം ചൂണ്ടിക്കാട്ടി ഉടമയുടെ ഫോണിലേക്ക് അലർട്ട് പോയിരുന്നു'

Update: 2022-10-06 18:21 GMT

പാലക്കാട്: വടക്കഞ്ചേരിയിൽ വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഗുരുതരമായ നിയമലംഘനം നടത്തിയെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത്. സംഭവം നടക്കുന്നതിന് മുമ്പ് അമിതവേഗം ചൂണ്ടിക്കാട്ടി ഉടമയുടെ ഫോണിലേക്ക് അലർട്ട് പോയിരുന്നുവെന്നും വണ്ടിയിൽ അനധികൃതമായി ഒരുപാട് മോഡിഫിക്കേഷനുകൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"97 കിലോമീറ്റർ സ്പീഡിലാണ് വാഹനം സഞ്ചരിച്ചിരുന്നത്. സംഭവം നടക്കുന്നതിന് മുമ്പ് രണ്ട് തവണ ഡിപാർട്ട്‌മെന്റ് സിസ്റ്റത്തിൽ നിന്ന് അമിതവേഗം ചൂണ്ടിക്കാട്ടി ഉടമയുടെ ഫോണിലേക്ക് അലർട്ട് പോയിട്ടുണ്ട്. ഇതിന് അദ്ദേഹം സമാധാനം പറയേണ്ടി വരും. കമ്പനി ഫിക്‌സ് ചെയ്തുകൊടുക്കുന്ന കമ്പനി ലിമിറ്റിന് വണ്ടിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്നതിൽ അന്വേഷണമുണ്ടാവും. ധാരാളം മോഡിഫിക്കേഷനുകൾ വണ്ടിയിൽ വരുത്തിയിട്ടുണ്ട്. ഇതൊക്കെ പരിശോധനക്ക് വിധേയമാക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യും". അദ്ദേഹം പറഞ്ഞു.

Advertising
Advertising
Full View

ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുടെ പിന്നിൽ ഇടിച്ചുകയറി ഒമ്പതുപേർ മരിച്ചത്. സ്‌കൂളിൽനിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി വിനോദയാത്ര പോവുകയായിരുന്നു ബസ്.

അതേസമയം കോട്ടയത്ത് നിയമലംഘനം നടത്തിയ അഞ്ച് ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തു. ബസിലെ സ്പീഡ് ഗവർണറടക്കം വിച്ഛേദിച്ച നിലയിലായിരുന്നു. ബസുകളിലുണ്ടായിരുന്ന ഇയർഫോണുകളും ലേസർലൈറ്റുകളും നീക്കി ബസ് ഹാജരാക്കാൻ അധികൃതർ നിർദേശം നൽകി.

രൂപമാറ്റം വരുത്തിയ ബസുകൾക്ക് ആർടിഒ അനുമതി നിഷേധിച്ചതിനെ തുടർന്ന് എറണാകുളം പെരുമ്പടപ്പ് സെന്റ് ജൂലിയാന സ്‌കൂളിലെ വിനോദയാത്ര റദ്ദാക്കിയിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Similar News