വാടാനപ്പള്ളി കിറ്റ് വിവാ​ദം; പ്രതിഷേധിച്ച ടി.എൻ പ്രതാപനെ അറസ്റ്റു ചെയ്തു നീക്കി, സ്ഥലത്ത് പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ടി.എൻ പ്രതാപൻ ആരോപിച്ചു

Update: 2026-04-05 13:04 GMT

തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയില്‍ ബിജെപി വിതരണത്തിനായി തയ്യാറാക്കിയ നാലായിരത്തോളം കിറ്റുകള്‍ കൊണ്ടുപോകുന്നത് യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന് ടി.എന്‍ പ്രതാപന്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രതാപനെയടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന നടനും ബിജെപി നേതാവുമായ ദേവനെതിരെ പ്രതിഷേധം ഉയര്‍ന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രാചാരണത്തിനായി സ്ഥലത്തെത്തിയതായിരുന്നു ദേവന്‍. സംഘര്‍ഷത്തോടനുബന്ധിച്ച് കിറ്റ് തയ്യാറാക്കിയ സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. നടന്‍ ദേവനോ മറ്റ് നേതാക്കളോ കിറ്റ് തയ്യാറാക്കുന്ന സ്ഥലത്ത് പോയിട്ടില്ലെന്നാണ് വിവരം. കിറ്റും കിറ്റിന് ഓര്‍ഡര്‍ നല്‍കിയ വാടാനപ്പള്ളി സ്വദേശിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertising
Advertising

ഇന്ന് ഉച്ചയോടെയാണ് വാടാനപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റ് തയ്യാറാക്കുന്നുണ്ടെന്ന് അറിഞ്ഞ് എല്‍ഡിഎഫ്,യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. കിറ്റുകള്‍ തയ്യാറാക്കുന്നത് തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

അതേസമയം, തൃശൂരിൽ ബിജെപി, വോട്ടിന് കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് വെസ്റ്റ് പൊലീസിന്റെ നടപടി. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും ബിജെപി കിറ്റുകൾ വിതരണം ചെയ്തു എന്നാണ് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പരാതി.

ഇന്നലെ വൈകിട്ടാണ് ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്നും പലചരക്ക് സാധനങ്ങൾ ഉൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തത്. വിവരമറിഞ്ഞ എൽഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു.

വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം ചൂണ്ടിക്കാട്ടി ബിഎൻഎസിലെ വിവിധ വകുപ്പുകളും ജനപ്രാധിനിത്യ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ്. സംഭവത്തിൽ പരാതിയുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫും എൽഡിഎഫും വ്യക്തമാക്കി.പ്രദേശവാസിയായ രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് കിറ്റുകൾ തയ്യാറാക്കിയത് എന്നാണ് കടയുടമയുടെ മൊഴി. രാധാകൃഷ്ണൻ ബിജെപി പ്രവർത്തകനാണ് എന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ തള്ളി ബിജെപി നേതാക്കള്‍ രംഗത്തെത്തി. എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ ഒഴിഞ്ഞ കവറുമായി ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News