മൃതദേഹം സുബീറ ഫര്‍ഹത്തിന്‍റേത് തന്നെ; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

വസ്ത്രം കണ്ടാണ് കുടുംബം തിരിച്ചറിഞ്ഞത്

Update: 2021-04-21 06:34 GMT

വളാഞ്ചേരിയിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്‍റേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം പുറത്തെടുത്തപ്പോള്‍ വസ്ത്രം കണ്ടാണ് കുടുംബം തിരിച്ചറിഞ്ഞത്. എന്നാല്‍ ഡിഎന്‍എ പരിശോധനക്ക് ശേഷമേ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. പ്രതി അൻവറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. സുബീറയുടെ അയല്‍വാസിയാണ് അന്‍വര്‍. 

സുബീറ കാണാതായി 40 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 100 മീറ്റര്‍ അകലെ കുഴിച്ചിട്ട നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്ത അന്‍വറിനെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. പെണ്‍കുട്ടിയെ ഇയാള്‍ മറ്റേതെങ്കിലും തരത്തില്‍ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷമേ വ്യക്തമാകൂ.

Advertising
Advertising

സുബീറയുടെ തിരോധാനം പൊലീസിനെ ഏറെ കുഴക്കിയിരുന്നു. പെണ്‍കുട്ടി ജോലിസ്ഥലത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ തന്നെ ലഭിച്ചു. അതേസമയം സ്ഥിരമായി ബസ് കയറുന്ന സ്ഥലത്ത് എത്തിയിട്ടുമില്ല. അതുകൊണ്ടുതന്നെ വീടിന്‍റെ പരിസരത്തുവെച്ച് തന്നെ പെണ്‍കുട്ടിക്ക് എന്തോ അപകടം സംഭവിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. തുടര്‍ന്ന് പ്രദേശത്തെ പരിശോധന ഊര്‍ജിതമാക്കി. ക്വാറിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പ്രദേശത്തെ മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയതോടെയാണ് അന്‍വറിനെ പലതവണ ചോദ്യംചെയ്തത്. തുടര്‍ന്ന് മണ്ണ് മാറ്റിയുള്ള തെരച്ചിലില്‍ മൃതദേഹത്തിന്‍റെ കാല്‍ ഇന്നലെ കണ്ടെത്തി. രാത്രി ആയതിനാല്‍ മൃതദേഹം പൂര്‍ണമായി പുറത്തെടുത്തില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ച് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.


Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News