Writer - അൻഫസ് കൊണ്ടോട്ടി
anfas123
എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയാകാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ചര്‍ച്ച വഴിതിരിച്ചുവിടാനാണ് സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രം തങ്ങളുന്നയിച്ചില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രം ഉണ്ടായിരുന്നല്ലോ. അത് ഞങ്ങളുന്നയിച്ചില്ല.ചാരപ്പണിക്ക് പിടിയിലായ വ്ലോഗർ മന്ത്രി റിയാസിനോടൊപ്പം ഫോട്ടോയെടുത്തിരുന്നു. ഇതും ഞങ്ങളുന്നയിച്ചില്ല. എന്നിട്ടും സോണിയാ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രം ഉയർത്തി മുഖ്യമന്ത്രി വിമർശനമുന്നയിക്കുകയാണ്. ഇത് തരംതാണ പ്രവർത്തിയാണ്. കൊലക്കേസ് പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യം ചെയ്തുകൊടുക്കുകയാണ് ഇവര്‍. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്'. അദ്ദേഹം സ്വര്‍ണക്കൊള്ള നടത്തിയെന്ന് തങ്ങള്‍ ആരോപിച്ചില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സോണിയാ ഗാന്ധിയും പോറ്റിയും കണ്ടത് സ്വാഭാവികമായ കാര്യം. തനിക്കൊപ്പവും പലരും ഫോട്ടോ എടുക്കാറുണ്ട്. പലരും വന്ന് ഫോട്ടോ എടുക്കുമ്പോഴും ചെറിയ പേടി ഉണ്ടാകാറുണ്ടെങ്കിലും ഒരിക്കലും നോ പറയാറില്ല. മുഖ്യമന്ത്രി ആരെയും ഫോട്ടോ എടുപ്പിക്കാറില്ല. എന്നിട്ടും പോറ്റിയുമായി ഫോട്ടോ വന്നില്ലേയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മേയര്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. കൊല്ലത്തും തിരുവനന്തപുരത്തും മാത്രമേ നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളൂ. കെപിസിസി സര്‍ക്കുലര്‍ പ്രകാരമാണ് എല്ലായിടത്തും അധ്യക്ഷന്‍മാരെ തീരുമാനിച്ചത്. മേയര്‍ സ്ഥാനം ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. തൃശൂര്‍ മേയര്‍ നിജി ജസ്റ്റിന്‍ പ്രഫഷന്‍ ഒഴിവാക്കി രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ഒരാളാണ്. പദവി കിട്ടാത്തവര്‍ പലതും പറഞ്ഞെന്നുവരാം. ഒരു സഭയും മേയര്‍ സ്ഥാനം ചോദിച്ചില്ലെന്നും സതീശന്‍ വ്യക്തമാക്കി.