കുടിൽ വ്യവസായം പോലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബ് ഉണ്ടാക്കുന്നു: വി.ഡി സതീശൻ

തലശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ വയോധികൻ സ്‌ഫോടനത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

Update: 2024-06-19 05:44 GMT

തിരുവനന്തപുരം: കുടിൽ വ്യവസായം പോലെയാണ് കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എല്ലായിടത്തും സ്റ്റീൽ ബോംബുകൾ ഉണ്ടാക്കിവെക്കുകയാണ്. എത്ര പാർട്ടിക്കാർ കൊല്ലപ്പെട്ടു? എത്ര പാർട്ടിക്കാരുടെ കയ്യും കാലും പോയി? തൊഴിലുറപ്പ് സ്ത്രീകൾ, കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തുടങ്ങിയ നിരപരാധികളാണ് ബോംബ് രാഷ്ട്രീയത്തിന് ഇരയാക്കപ്പെടുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

തലശേരിയിൽ തേങ്ങ പെറുക്കുന്നതിനിടെ വയോധികൻ സ്‌ഫോടനത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്റ്റീൽ പാത്രങ്ങൾ പ്രത്യേക സാഹചര്യത്തിൽ കണ്ടാൽ തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകണമെന്ന് സതീശൻ പറഞ്ഞു. സ്വന്തം പാർട്ടിക്കാർക്ക് നേരെ എറിയാൻ ഉണ്ടാക്കിവെച്ച ബോംബാണ് പൊട്ടിയത്. സി.പി.എം നേതാക്കൾ കുടപിടിച്ചുകൊടുക്കുന്ന രണ്ട് ക്രിമിനൽ സംഘങ്ങൾ പരസ്പരം എറിയാനാണ് ബോംബ് കരുതിവെച്ചതെന്നും സതീശൻ ആരോപിച്ചു.

Advertising
Advertising

ക്രിമിനലുകളെ രക്തസാക്ഷികളാക്കി മാറ്റുകയാണ്. 32 പേർ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടു. അവരെ സി.പി.എം മഹത്വവൽക്കരിക്കുകയാണ്. തെളിവുകൾ മുഴുവൻ നശിപ്പിച്ച ശേഷമാണ് പൊലീസ് വന്നത്. ബോംബ് നിർമാണത്തിന് നേതൃത്വം കൊടുക്കുന്നവർ തന്നെ പറയുമ്പോഴാണ് പൊലീസ് വന്ന് കാര്യങ്ങൾ ചെയ്യുന്നത്. ക്രിമിനൽ സംഘങ്ങൾക്ക് പൊലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണ്. പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് എഴുതിയതുപോലെ ചില പറമ്പുകളിൽ സ്റ്റീൽ ബോംബ് ഉണ്ട് എന്ന് എഴുതിവെക്കണമെന്നും സതീശൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News