വർഗീയത ആളിക്കത്തിക്കാൻ തീപ്പൊരി കാത്തിരിക്കുന്നവർക്ക് തീപ്പന്തം കൊടുക്കുകയാണ് സിപിഎം, സംഘ്പരിവാരും ഇവരും തമ്മിലെന്താണ് വ്യത്യാസം?: പ്രതിപക്ഷ നേതാവ്

സജി ചെറിയാന്‍റെ പ്രസ്താവന കേരളത്തെ അപകടകരമായ നിലയിലേക്കെത്തിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു

Update: 2026-01-19 07:22 GMT

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭിന്നിപ്പിച്ച് രാഷ്ട്രീയലാഭത്തിന് ശ്രമിക്കുകയാണ് സജി ചെറിയാനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാന്റേയും എ.കെ ബാലന്റേയും പ്രസ്താവന. തീപ്പൊരി വീഴാന്‍ കാത്തിരിക്കുന്നവര്‍ക്ക് തീപ്പന്തം കൊടുക്കുകയാണ് സിപിഎം. വരാനിരിക്കുന്ന തലമുറയോട് ചെയ്യുന്ന അക്രമമാണിതെന്നും സതീശന്‍ വിമര്‍ശിച്ചു.

'കേരള മന്ത്രിസഭയുടെ ചരിത്രത്തിലിതുവരെയും ഒരാളും പറയാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്തത്രയും വര്‍ഗീയമായ പ്രസ്താവനയാണ് സജി ചെറിയാന്റേത്. ജയിച്ചുവരുന്ന ആളുകളുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്. കേരളത്തെ അപകടകരമായ നിലയിലേക്കെത്തിക്കുന്ന പ്രസ്താവനയാണ് സജി ചെറിയാന്‍ നടത്തിയത്. നമ്മുടെ സംസ്ഥാനം ഉണ്ടാക്കിയ മൂല്യങ്ങളൊക്കെയും കുഴിച്ചുമൂടപ്പെടും. വര്‍ഗീയത ആളിക്കത്തിക്കാന്‍ തീപ്പൊരി കാത്തിരിക്കുന്നവര്‍ക്ക് തീപ്പന്തം കൊടുക്കുകയാണ് സിപിഎം ചെയ്യുന്നത്. കുറേനാള്‍ കഴിയുമ്പോള്‍ പിണറായി വിജയനും വി.ഡി സതീശനുമൊക്കെ രാഷ്ട്രീയത്തില്‍ ഓര്‍മ മാത്രമാകും. പക്ഷേ, കേരളം അപ്പോഴുമുണ്ടാകും. ആ കേരളത്തിന്റെ അടിത്തറക്ക് തീ കൊളുത്തുന്ന പരിപാടിയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന തലമുറയോട് കടുത്ത അനീതി കാണിക്കരുതെന്ന് അഭ്യര്‍ഥിക്കേണ്ടി വരികയാണ്. സംഘ്പരിവാറിന്റെ അതേ വഴിയിലാണ് സിപിഎം.' സതീശന്‍ പറഞ്ഞു.

Advertising
Advertising

'വര്‍ഗീയതക്കെതിരായി നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ഏത് ആക്രമണങ്ങളെയും നേരിടാന്‍ ഞാന്‍ തയ്യാറാണ്. വര്‍ഗീയതയുമായി ഏറ്റുമുട്ടി നിലത്ത് വീണാലും വീരോചിതമായ അവസാനമായേ കണക്കാക്കൂ. താന്‍ ഒന്നിനെയും ഭയക്കുന്നില്ല. കേരളത്തെ ഭിന്നിപ്പിച്ച് തോല്‍പ്പിക്കാന്‍ ആരുവന്നാലും ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും. പെരുന്നയില്‍ ഒന്നല്ല, പല പ്രാവശ്യം പോയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശന്റെ വസതിയില്‍ പോയിട്ടുണ്ട്. മുഴുവന്‍ സമുദായ നേതാക്കളെയും ഇപ്പൊഴും എപ്പോഴും കാണാന്‍ പോകാറുണ്ട്. അതിലെന്താണ് പ്രശ്‌നം? രാഷ്ട്രീയത്തില്‍ ഇതൊക്കെ സ്വാഭാവികമല്ലേ. പലപ്പോഴായി താന്‍ അവരോട് സംസാരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കുന്നതിനായി എല്ലാവരെയും കാണാന്‍ പോകാറില്ലേ. താന്‍ കേരളത്തിലെ ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ല. 42 വര്‍ഷം സിപിഎമ്മിന്റെ കൂടെ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിരുന്നപ്പോള്‍ ആഭ്യന്തരം അവരല്ലല്ലോ ഭരിച്ചിരുന്നത്. അക്കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം.' സതീശന്‍ വ്യക്തമാക്കി.

തനിക്ക് എന്തുതന്നെ സംഭവിച്ചാലും വ്യക്തിപരവും രാഷ്ട്രീയലാഭങ്ങള്‍ക്കുമായല്ല തന്റെ നിലപാടെന്നും രാഷ്ട്രീയത്തില്‍ ഉള്ളിടത്തോളം ഇതില്‍ വെള്ളം ചേര്‍ക്കില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, സതീശനെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായറും രംഗത്തെത്തിയിരുന്നു. സമുദായത്തിന്റെ പിന്തുണ നേടി വിജയിച്ച ശേഷം സമുദായ നേതാക്കളുടെ പിന്തുണ തേടി തിണ്ണ നിരങ്ങില്ലെന്ന് സതീശന്‍ പറഞ്ഞുവെന്നും എന്നാല്‍ അത് പറയാനുള്ള അര്‍ഹത സതീശനില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. സതീശന്‍ ഈ സമീപനം തുടര്‍ന്നാല്‍ തിരിച്ചടി കിട്ടും. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും സുകരുമാരന്‍ പറഞ്ഞിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News