സിപിഎം നവീൻ ബാബുവിന്റെ കുടുംബത്തെ വഞ്ചിച്ചു; സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി: വി.ഡി സതീശൻ

സിബിഐ അന്വേഷണത്തെ എതിർക്കുമ്പോഴും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ആവർത്തിക്കുന്ന എം.വി ഗേവിന്ദനും സിപിഎമ്മും കേരളത്തിന്റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സതീശൻ പറഞ്ഞു.

Update: 2024-11-28 06:38 GMT

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട് സർക്കാരും പാർട്ടിയും വേട്ടക്കാർക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പി.പി ദിവ്യ രഹസ്യങ്ങൾ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദന്. അതുകൊണ്ടാണ് നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലിൽ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാൻ എം.വി ഗോവിന്ദൻ സ്വന്തം ഭാര്യയെ അയച്ചത്. എന്തൊരു കാപട്യമാണിത്? സിബിഐ അന്വേഷണത്തെ എതിർക്കുമ്പോഴും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവർത്തിക്കുന്ന എം.വി ഗേവിന്ദനും സിപിഎമ്മും കേരളത്തിന്റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നത്.

Advertising
Advertising

പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും നവീൻ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവുമാണ് അദ്ദേഹത്തിന്റെ ഭാര്യ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ എത്തുന്നതിന് മുമ്പ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതും ദുരൂഹമാണ്. നവീൻ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീർത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അനിവാര്യമാണ്.

നവീൻ ബാബു അഴിമതിക്കാരനാണെന്ന് വരുത്തി തീർക്കാൻ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതിൽ രാഷ്ട്രീയ ഇടപെടലുണ്ട്. പ്രശാന്തനെ സിപിഎം സംരക്ഷിക്കുന്നത് ബിനാമി കഥകൾ പുറത്തു വരാതിരിക്കാനാണ്. പ്രശാന്തൻ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാൽ മുഖംമൂടികൾ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നും സതീശൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News