വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താൻ എസ്ഐടി
കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുൾപ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും
തിരുവനന്തപുരം: മുൻ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ ഗുരുതര വകുപ്പുകള്‍ ചുമത്താന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്ന് പരിശോധിക്കാൻ എസ്ഐടി. കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധ ശ്രമമുൾപ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.
സംഭവദിവസം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. അന്നേ ദിവസം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്താനാണിത്.
മുമ്പ് മൊഴി എടുത്തിരുന്നത് ഒപ്പം ഉണ്ടായിരുന്ന കുറച്ചുപേരുടെ മൊഴി മാത്രമായിരുന്നു. മുൻ മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിരുന്നില്ല. അതും പത്തനംതിട്ടയിലെത്തി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരേ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. എന്നാൽ, മാരകായുധങ്ങളുമായെത്തിയ കെഎസ്‍യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗൺമാന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്‍യു ജില്ലാ പ്രസിഡന്റ് എംസി അതുൽ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഇവർ റിമാൻഡിലായി. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെഎസ്‍യു പ്രവർത്തകരുടെ പരാതിയിലാണ് സംഭവത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.