ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു

ജോയിന്റ് ആർട്ടിഒയുടെ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി.

Update: 2021-09-10 10:04 GMT
Advertising

കണ്ണൂർ: വാഹനം മോഡിഫിക്കേഷൻ ചെയ്തതിനും തുടർനടപടികൾക്കായി ആർ.ടി. ഓഫിസിലെത്തി പ്രശ്‌നമുണ്ടാക്കിയതിനും കേസിൽ കുടുങ്ങിയ യൂട്യൂബർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ എബിൻ, ലിബിൻ എന്നിവരുടെ വാഹന രജിസ്ട്രേഷൻ മരവിപ്പിച്ചു. KL 73 ബി 777 നമ്പറിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷനാണ് മരവിപ്പിച്ചത്.

ജോയിന്റ് ആർട്ടിഒയുടെ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കി ആറു മാസത്തേക്കാണ് നടപടി.

നെപ്പോളിയൻ എന്ന് പേരിട്ട ടെംമ്പോ ട്രാവലറാണ് ഇവരുടെ വാഹനം. ഇ ബുൾ ജെറ്റ് എന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനലിന് 20 ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ഇവരുടെ വാൻ കണ്ണൂർ ആർ.ടി.ഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തുടർനടപടികൾക്കായി ആഗസ്ത് ഒമ്പതിന് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും കണ്ണൂർ ആർ.ടി ഓഫീസിലെത്തിയതിനു പിന്നാലെ സംഘർഷമുണ്ടായി. സംഭവത്തെ തുടർന്ന് ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം തന്നെ ഇവർക്ക് ജാമ്യം ലഭിച്ചു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തലശ്ശേരി സെഷൻസ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.

വ്‌ളോഗർ സഹോദരന്മാരുടെ വീഡിയോകൾ പരിശോധിച്ച പൊലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുണ്ടോ എന്നതടക്കം അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്.

കേസ് കെട്ടിചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാഹനത്തിന്റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചിരുന്നു.

യൂടൂബിൽ വാൻ ലൈഫ് വീഡിയോകൾ ചെയ്ത ഇവർ ബിഹാറിലൂടെ ആംബുലൻസ് സൈറൺ ഉപയോഗിച്ച് വാഹനമോടിച്ചതും വിവാദമായിരുന്നു.

തങ്ങൾക്കെതിരെയുള്ള നടപടികൾക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയും ചില ഉദ്യേഗസ്ഥരുമാണെന്ന് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ ആരോപിച്ചിരുന്നു. ടൂറിസ്റ്റ് ബസുകളിൽ കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞതും ഈ നടപടികൾക്ക് പിന്നിലുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News