'ഫര്‍സാനയെ കൊലപ്പെടുത്തിയത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിന് ശേഷം'; പ്രതി അഫാന്‍റെ മൊഴി
എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി
തിരുവനന്തപുരം: വെഞ്ഞാമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്‍റെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റ് കൊലപാതകങ്ങൾ ചെയ്ത കാര്യം പറഞ്ഞിരുന്നുവെന്ന് പ്രതി മൊഴി നൽകി. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി ആവർത്തിച്ചു. അതിനിടെ ചികിത്സയിൽ കഴിയുന്ന ഷെമിയുടെ മൊഴി അഞ്ചാം ദിവസവും രേഖപ്പെടുത്തിയിട്ടില്ല.
കൂട്ടക്കൊലപാതകം നടത്തിയ പ്രതി അഫാൻ ഫർസാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം കൊലപാതക വിവരം പറഞ്ഞു. ഇനി നമ്മൾ എങ്ങനെ ജീവിക്കും എന്ന് അഫാനോട് ഫർസാനയുടെ ചോദ്യം. തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് ഫർസാനയെ അടിച്ചു കൊലപ്പെടുത്തിയെന്ന് പ്രതി മൊഴി നൽകി. തന്‍റെ അമ്മയെ സൽമാ ബീവി വഴക്ക് പറഞ്ഞതിനുള്ള ദേഷ്യമാണ് മുത്തശ്ശിയെ കൊലപ്പെടുത്താൻ കാരണമെന്നും പ്രതി പോലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഷെമിയാണെന്ന് സൽമാ ബീവി കുറ്റപ്പെടുത്തിയിരുന്നു എന്നാണ് പ്രതിയുടെ മൊഴി. അബ്ദുൽ ലത്തീഫും സമാനമായ രീതിയിൽ കുടുംബത്തോട് പെരുമാറി.
ലത്തീഫിന്‍റെ ഭാര്യ സാജിതാബീഗത്തെ കൊലപ്പെടുത്തണമെന്ന് കരുതിയില്ല. ലത്തീഫിന്‍റെ കാര്യം പുറത്തു പറയുമെന്ന് ഭയന്നിട്ടാണ് സാജിതയെയും കൊന്നതെന്ന് അഫാൻ പൊലീസിനോട് പറഞ്ഞു. പാങ്ങോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ പ്രതി പറഞ്ഞത്. അതിനിടെ ഷെമിയുടെ മൊഴി ഇന്നും രേഖപ്പെടുത്തിയില്ല. കേസിന്‍റെ തുടരന്വേഷണത്തിന് ഷെമിയുടെ മൊഴി നിർണായകമാണ്. ആരോഗ്യം വീണ്ടെടുത്ത് സംസാരിക്കുന്ന നിലയിലേക്ക് എത്തിയാൽ ഷെമിയുടെ മൊഴി എടുക്കാനാണ് പൊലീസിനെ നീക്കം. അബ്ദു റഹീമിന്‍റെയും മൊഴി രേഖപ്പെടുത്തും.