പണം സോക്‌സിനുള്ളിൽ; കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ
അതിരപ്പള്ളി വില്ലേജ് ഓഫീസർ കെ.എൽ ജൂഡ് ആണ് വിജിലൻസിന്റെ പിടിയിലായത്
തൃശൂർ : കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിൽ. അതിരപ്പള്ളി വില്ലേജ് ഓഫീസർ കെ.എൽ ജൂഡ് ആണ് വിജിലൻസിന്റെ പിടിയിലായത്.
ഭൂമി അവകാശരേഖ നൽകുന്നതിന് 3000 രൂപയാണ് അതിരപ്പള്ളി സ്വദേശിയിൽ നിന്നും പ്രതി കൈക്കൂലിയായി ആവശ്യപ്പെട്ടത്. പരാതിക്കാരൻ വിവരം വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് നിർദ്ദേശപ്രകാരം ഫിനോഫ്തലിൻ പുരട്ടിയ പണമാണ് വില്ലേജ് ഓഫീസർക്ക് പരാതിക്കാരൻ നൽകിയത്. ഇതറിയാതെ പണം വാങ്ങിയ ജൂഡിനെ വിജിലൻസ് സംഘം എത്തി കയ്യോടെ പിടികൂടുകയായിരുന്നു. വലത്തെ സോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
പ്രതി മുൻപും കൈക്കൂലി കേസിൽ പിടിയിലായിട്ടുണ്ട്. കാസർകോട് ജോലി ചെയ്യുന്ന സമയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും വിജിലൻസ് വലയിലാവുന്നത്. വില്ലേജ് ഓഫീസിൽ കൈക്കൂലി നൽകാതെ സേവനങ്ങൾ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നാണ് വിജിലൻസ് കണ്ടെത്തൽ.