ഒരുകെട്ട് ബീഡിക്ക് 2500, തടവുകാർക്ക് ബീഡി നല്‍കുന്നതിന് മുമ്പ് വീട്ടുകാർ പണം ഗൂഗ്ള്‍ പേ ചെയ്യണം; വിയ്യൂർ ജയിലില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

പണം ലഭിച്ചു എന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്

Update: 2023-09-23 14:16 GMT
Editor : abs | By : Web Desk

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്ത ജയിൽ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തടവുകാർക്ക് വൻവില ഈടാക്കി പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിയ മുൻ പ്രിസൺ ഓഫീസർ അജുമോനെയാണ് വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ എസ് എച്ച് ഓ ബൈജു കെ സി യുടെ നേതൃത്വത്തിലുള്ള  സംഘം പിടികൂടിയത്. 

വിയ്യൂർ ജയിലിൽ നിരന്തരമായി പുകയില ഉത്പന്നങ്ങളും മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും തടവുകാരിൽ നിന്നും പരിശോധനയിൽ കണ്ടെത്താറുണ്ട്. . കുറച്ചുകാലങ്ങളായി ഇത്തരം കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്നത് മനസ്സിലാക്കിയ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നിർദ്ദേശപ്രകാരം വിയൂർ പോലീസ് കോടതി നിർദേശപ്രകാരം ഇത്തരം കേസിൽ ഉൾപ്പെട്ട പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുന്നത്.

Advertising
Advertising

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. നൂറു രൂപ മാത്രം വില വരുന്ന ബീഡി 2500 രൂപയ്ക്ക് തടവുകാർക്ക് വിൽപ്പന നടത്തുന്നതായി കണ്ടെത്തി. പുകയില ഉത്പന്നങ്ങള്‍ ജയിൽ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും തടവുകാർ വാങ്ങുന്നതിന് മുമ്പ് തടവുകാരുടെ വീട്ടുകാർ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഗൂഗിൾ പേ നമ്പറിലേക്ക് പണം കൈമാറണമെന്നാണ് വ്യവസ്ഥ. പണം ലഭിച്ചു എന്ന് ഉറപ്പായാൽ തടവുകാർക്ക് പുകയില ഉൽപ്പന്നങ്ങൾ അവർക്ക് എടുക്കാൻ പാകത്തിലുള്ള സ്ഥലത്ത് വെച്ചുകൊടുക്കുകയാണ് പതിവ്.

അന്വേഷണത്തിന്റെ ഭാഗമായി  ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ  അനധികൃതമായ പണമിടപാടുകൾ നടന്നതായി കണ്ടെത്തി.  ഈ ഉദ്യോഗസ്ഥനെതിരെ മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെതുടർന്ന് ഇയാളെ  മൂവാറ്റുപുഴ സബ് ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലം മാറ്റിയതായിരുന്നു.13 വർഷമായി സർവീസിലുള്ള ഇയാൾ ജോലി ചെയ്തിരുന്ന പല ജയിലുകളിലും താത്ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News