വിഴിഞ്ഞം സമരം: പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കും

സമരസമിതിയുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തിയേക്കും

Update: 2022-12-06 01:08 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ നടക്കുന്ന സമരം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരെ എടുത്ത കേസും പ്രതിപക്ഷം സഭയിൽ ഉയർത്തും. കോവളം എം.എൽ.എ എം. വിൻസന്റ് ആയിരിക്കും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദ്യോത്തരവേളയിൽ ഉയർന്ന് വരും. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബില്ലിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് യുഡിഎഫിലും ചർച്ചകൾ ഉണ്ടാകും.

Advertising
Advertising

വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തിയേക്കും. വൈകിട്ട് അഞ്ച് മണിക്ക് ചർച്ച നടത്താനാണ് തീരുമാനം. തീരശോഷണത്തെ കുറിച്ച് പഠിക്കാനുള്ള വിദഗ്ദ സമിതയിൽ തങ്ങളുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാൽ സർക്കാർ ഇതിനോട് യോജിക്കുന്നില്ല. ഇക്കാര്യത്തിൽ സമരസമിതി ഇന്ന് നിലപാട് അറിയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർചർച്ചകൾ നടക്കുക. സമരസമിതി ഉന്നയിച്ച മറ്റ് ആവശ്യങ്ങളോട് സർക്കാരിന് അനുകൂല നിലപാടാണുള്ളത്.

എന്നാൽ വിഴിഞ്ഞം വിഷയത്തിൽ കെസിബിസി യോഗത്തിലെ ചർച്ച ഇന്നും തുടരും. യോഗത്തിന്റെ ആദ്യ ദിനമായ ഇന്നലെ ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും കൂടുതൽ വിശകലനങ്ങളിലേക്ക് പോകേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തുകയായിരുന്നു. ഈ വിഷയത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചകളിൽ സമവായ സാധ്യതകൾ തെളിയുന്നതായി യോഗത്തിൽ അഭിപ്രായമുയർന്നു. മത്സ്യത്തൊഴിലാളികൾക്കൊപ്പം എന്ന മുൻനിലപാടിൽ മാറ്റമില്ലെന്നും സമവായ ചർച്ചകളിൽ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുന്നതായിരിക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.

അതേസമയം,വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരേ ഇടതുമുന്നണിയുടെ രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. വികസനം, സമാധാനം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ. വർക്കലയിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും.സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനാണ് ജാഥാ ക്യാപ്റ്റൻ. വെള്ളിയാഴ്ച വിഴിഞ്ഞത്ത് പ്രചാരണ ജാഥ സമാപിക്കും. സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News