ലൈം​ഗികാതിക്രമ പരാതി: സംവിധായകന്‍ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു

അന്വേഷണത്തോട് സഹകരിക്കുമെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും വി.കെ പ്രകാശ്

Update: 2024-09-17 09:09 GMT
Editor : ദിവ്യ വി | By : Web Desk

കൊച്ചി: യുവകഥാകാരിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. കൊല്ലം പള്ളിത്തോട്ടം പോലീസാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൊഴിയെടുപ്പിന്റെ ആദ്യദിനമായിരുന്നു ഇന്ന്. വിവരങ്ങളെല്ലാം ചോദിച്ച് രേഖപ്പെടുത്തി തയ്യാറാക്കുന്ന റിപ്പോർട്ട് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. 

അന്വേഷണത്തോട് സഹകരിക്കുമെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും വി.കെ പ്രകാശ്  പറഞ്ഞു. സത്യം തെളിയുമെന്നും പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് തനിക്കറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertising
Advertising

സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്ന യുവ കഥാകാരിയുടെ പരാതിയിലാണ് വി.കെ പ്രകാശിനെതിരെ കേസെടുത്തത്. 2022 ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നുമായിരുന്നു പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ നേരിട്ട അതിക്രമങ്ങൾ സ്ത്രീകൾ ഓരോന്നായി വെളിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് വി.കെ പ്രകാശിനുമെതിരെ ആരോപണം ഉയർന്നത്. അതേസമയം ലൈംഗികാതിക്രമക്കേസിൽ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവ​​ദിച്ചിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News