അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത് വന്നില്ലേ; രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീകളെ അധിക്ഷേപിച്ച് വി.കെ ശ്രീകണ്ഠൻ എം.പി
രാഹുലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനിലെതിരെ പരാതി ഉന്നയിച്ച സ്ത്രീകൾക്കെതിരെ ആരോപണവുമായി വി.കെ ശ്രീകണ്ഠൻ എം.പി. വെളിപ്പെടുത്തലിന് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും അർധ വസ്ത്രം ധരിച്ച് മന്ത്രിമാർക്ക് ഒപ്പമുള്ള പരാതിക്കാരിയുടെ ചിത്രങ്ങൾ പുറത്ത് വന്നില്ലേയെന്നുമാണ് ശ്രീകണ്ഠൻ പ്രതികരിച്ചത്.
കൂടാതെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലെന്ന് വി.കെ ശ്രീകണ്ഠൻ എംപി. ഇതുവരെ ഒരു പരാതിയും വന്നിട്ടില്ല. ആരോപണം വന്നയുടൻ അടിയന്തരമായി നടപടി സ്വീകരിച്ചുവെന്നും പുകമറ മാത്രമാണ് നിലവിലുളളതെന്നും ശ്രീകണ്ഠൻ പ്രതികരിച്ചു.
ഡിവൈഎഫ്‌ഐയുടെ പ്രതിഷേധത്തെ വകവയ്ക്കുന്നില്ലെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒഴിഞ്ഞുമാറി പി.സി വിഷ്ണുനാഥ്. പ്രസിഡന്റും എല്ലാവരും വിഷയത്തിൽ സംസാരിച്ചിട്ടുണ്ട്. പരാതി രേഖാമൂലം ആരും നൽകിയിട്ടില്ലെന്നും പി.സി വിഷ്ണുനാഥ് മീഡിയവണ്ണിനോട് പറഞ്ഞു. പുതിയ പരാതികളെക്കുറിച്ച് അറിയില്ല. ആരോപണ വിധേയരായാവർ എംഎൽഎ മാരായി തുടരുന്നുണ്ടെന്നും അവരാണ് രാജി ആവശ്യപ്പെടുന്നതെന്നും പി.സി വിഷ്ണുനാഥ് മീഡിയവണ്ണിനോട് പറഞ്ഞു.