'അന്ന് ബച്ചന്‍റെ പൊക്കം, ഇപ്പോള്‍ ഇന്ദ്രൻസിന്‍റെ വലിപ്പം'; കോണ്‍ഗ്രസിനെ കുത്താന്‍ 'ബോഡി ഷെയ്മിങ്‌' പരാമര്‍ശം-വിവാദത്തിനു പിന്നാലെ പിൻവലിച്ച് വാസവൻ

''ഇന്ത്യൻ സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലെത്തി നിൽക്കുന്ന അവസ്ഥയാണ്.''

Update: 2022-12-12 15:40 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: വിവാദമായതിനു പിന്നാലെ നടൻ ഇന്ദ്രൻസിനെതിരായ ശാരീരികാധിക്ഷേപ പരാമർശങ്ങൾ പിൻവലിച്ച് സാംസ്‌കാരിക മന്ത്രി വി.എൻ വാസവൻ. പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്തുനൽകുകയും ചെയ്തിട്ടുണ്ട്.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു രാജ്യത്തെ കോൺഗ്രസിന്റെ അവസ്ഥ വിവരിച്ച് വാസവന്റെ വിവാദ പരാമർശം. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൽ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലെത്തിയെന്നായിരുന്നു വാസവൻ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് മന്ത്രി തന്നെ നേരിട്ട് പരാമർശം പിൻവലിക്കുകയും സഭാരേഖകളിൽനിന്ന് നീക്കാൻ സ്പീക്കറോട് കത്തുമുഖേന ആവശ്യപ്പെടുകയും ചെയ്തത്.

എന്നാൽ, ഇതിനുശേഷമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. മന്ത്രിയുടെ പരാമർശം ബോഡി ഷെയ്മിങ്ങാണെന്നും ഇതു രാഷ്ട്രീയപരമായി ശരിയല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക മന്ത്രിയാണ് ഇത്തരമൊരു പരാമർശം നടത്തിയത്. ഒരാളും ഇത്തരമൊരു പരാമർശം നടത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാമർശം സഭാരേഖകളിൽനിന്ന് മാറ്റാൻ മന്ത്രി തന്നെ ആവശ്യപ്പെട്ട കാര്യം സ്പീക്കർ സഭയെ ഉണർത്തി. രേഖകളിൽ പരാമർശങ്ങൾ ഉണ്ടാകില്ലെന്ന് അറിയിക്കുകയും ചെയ്തു. വിവാദ പരാമർശത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണങ്ങളോ പ്രതിഷേധമോ നടത്തിയിരുന്നില്ല.

Full View

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി? കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞ സ്ഥിതിയായി. രാജസ്ഥാനിലും ഇപ്പോൾ ഹിമാചലിൽ ഭരണം കിട്ടിയപ്പോഴും രണ്ടു ചേരിയായി തിരിഞ്ഞ് മുഖ്യമന്ത്രിക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. ഇന്ത്യൻ സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലെത്തി നിൽക്കുന്ന അവസ്ഥയാണെന്നും വിവാദ പ്രസംഗത്തിൽ വി.എൻ വാസവൻ പറഞ്ഞു.

Summary: After the controversy, Kerala Cultural affairs minister VN Vasavan withdrew the 'body shaming' remarks against the actor Indrans

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News