ശബ്ദ പരിശോധന കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണം: കെ. സുരേന്ദ്രൻ

സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്ന് സുരേന്ദ്രന്‍ കോടതിയില്‍ സമ‍ർപ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

Update: 2021-10-27 06:16 GMT

സുൽത്താൻ ബത്തേരി കോഴക്കേസിൽ കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ ശബ്ദ പരിശോധന നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി. സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വാസ്യത കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ഹരജി ബുധനാഴ്ച കോടതി പരിഗണിക്കും.  

Advertising
Advertising

കഴിഞ്ഞ ഒക്ടോബർ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിള്‍ നൽകിയിരുന്നു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ശബ്ദ സാമ്പിള്‍ ശേഖരിച്ച് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അനുമതി തേടി കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിരുന്നു. 

നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന് സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നൽകിയെന്നതാണ് കേസ്. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. സി.കെ ജാനുവിനോടും ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനോടും വരുന്ന അഞ്ചാം തീയതി ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിള്‍ നൽകാനും കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News