ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ സജീവമായി വി.എസ്; 1965ൽ അമ്പലപ്പുഴയിൽ കന്നിയങ്കം
2001ൽ വി.എസ് ജയിച്ചെങ്കിലും, മുന്നണി തോറ്റു. വി.എസ് വിജയിക്കുമ്പോൾ മുന്നണി തോൽക്കുന്നുവെന്നും മുന്നണി ജയിക്കുമ്പോൾ വി.എസ് തോൽക്കുകയാണെന്നും തമാശ രൂപേണ ചർച്ചയായി.
തിരുവനന്തപുരം: സമര നായകനിലേക്കും ജനകീയനായ മുഖ്യമന്ത്രിയിലേക്കുമുള്ള വി.എസിന്റെ വളർച്ച ആരോഹണ അവരോഹണങ്ങളുടേതാണ്. വി.എസ് ജയിച്ചാൽ പാർട്ടി തോൽക്കുമെന്നും പാർട്ടി ജയിച്ചാൽ വി.എസ് തോൽക്കുമെന്നും ഒരു പഴഞ്ചൊല്ലുപോലെ കേട്ടിട്ടുണ്ട് കേരളം. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ സജീവമായിരുന്നു വി.എസ്. ഒന്നുകിൽ സ്ഥാനാർഥിയായി അല്ലെങ്കിൽ സ്ഥാനാർഥികളുടെ താര പ്രചാരകനായി.
സംഘടനാ രംഗത്ത് പടവുകൾ കീഴടക്കുമ്പോൾ പാർലമെന്ററി രംഗം വി.എസിന് കയറ്റിറക്കങ്ങളുടെത് കൂടിയായിരുന്നു. 1965ൽ സ്വന്തം വീട് ഉൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിലായിരുന്നു വി.എസിന്റെ കന്നിയങ്കം. 2327 വോട്ടുകൾക്ക് കോൺഗ്രസിന്റെ കെ.എസ് കൃഷ്ണ കുറുപ്പിനോട് അടിപതറി. രണ്ട് വർഷങ്ങൾക്കിപ്പുറും കോൺഗ്രസിലെ എ. അച്യുതനെ 9515 വോട്ടുകൾക്ക് തോൽപ്പിച്ച് വി.എസ് ആദ്യമായി സഭയിലെത്തി.
എഴുപതിൽ ആർഎസ്പിയുടെ കുമാരപ്പിള്ളയെ തോൽപ്പിച്ച് സഭയിൽ തുടർന്നു. എന്നാൽ എഴുപത്തിയേഴിൽ കുമാരപിള്ളയോട് 5585 വോട്ടിന്റെ തോൽവി അറിഞ്ഞു. തുടർന്ന് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് സംഘടനരംഗത്ത് സജീവമായി. 1991ൽ പാർട്ടിയുടെ ഉറച്ച മണ്ണായ മാരാരികുളത്താണ് വി.എസ് പിന്നെ അങ്കത്തിനിറങ്ങുന്നത്, വി.എസ് ജയിച്ചെങ്കിലും മുന്നണി തോറ്റു. 96ൽ മാരാരികുളത്ത് വീണ്ടും പോരിനിറങ്ങിയ വി.എസ് തോറ്റു, അല്ല പാർട്ടിയിലെ ഒരു വിഭാഗം തന്നെ തോൽപിച്ചു.
കോൺഗ്രസുകാർ പോലും സ്വപ്നം കാണാത്ത അട്ടിമറി വിജയം. 1965 വോട്ടുകൾക്ക് കോൺഗ്രസുകാരനായ പി.ജെ ഫ്രാൻസിസിനോട് വി.എസ് തോറ്റു. സിപിഎം രാഷ്ട്രീയത്തിലെ കറുത്ത അധ്യായമായി മാരാരിക്കുളം മാറി. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വി.എസ് പാർട്ടിയിൽ കരുത്തനായി മാറി. പിന്നിൽ നിന്ന് കുത്തി തോൽപ്പിച്ചവരോട് പാർട്ടിക്കകത് വി.എസ് പക വീട്ടി. പാർട്ടിയുടെ ഉറച്ച കോട്ടയായിട്ടും മാരാരികുളത്ത് പിന്നെയൊരു പരീക്ഷണത്തിന് വി.എസ് മുതിർന്നില്ല. മറ്റൊരു ചെങ്കോട്ടയായ മലമ്പുഴയിലേക്ക് ചുവടുമാറ്റി. കോൺഗ്രസിലെ യുവ നേതാവ് സതീശൻ പാച്ചേനിയോട് നാലായിരത്തിലധികം വോട്ടുകളുടെ നിറം മങ്ങിയ വിജയം. പക്ഷെ പിന്നീട് അങ്ങോട്ട് അവസാന മത്സരം വരെയും മികച്ച വിജയം മണ്ഡലം വി.എസിന് നൽകി.
2001ൽ വി.എസ് ജയിച്ചെങ്കിലും, മുന്നണി തോറ്റു. വി.എസ് വിജയിക്കുമ്പോൾ മുന്നണി തോൽക്കുന്നുവെന്നും മുന്നണി ജയിക്കുമ്പോൾ വി.എസ് തോൽക്കുകയാണെന്നും തമാശ രൂപേണ ചർച്ചയായി. പക്ഷേ പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.എസിന്റെ ജീവിതത്തിലെ നിർണായക മാറ്റത്തിന് അവിടെ തുടക്കമാവുകയായിരുന്നു. സംഘടനക്ക് വഴങ്ങാത്ത വി.എസിന് 2006ൽ പാർട്ടി സീറ്റ് നിഷേധിച്ചു. പാർട്ടിക്കാരും നാട്ടുകാരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗ്രാമങ്ങളിലും നഗരങ്ങളിലും വി,എസിനായി മുദ്രാവാക്യങ്ങൾ മുഴങ്ങി. അവസാനം പാർട്ടി തോറ്റു, മത്സരിച്ച് ജയിച്ച് വി.എസ് മുഖ്യമന്ത്രി പദത്തിലേക്ക്.
2016ലും അവസാനം പാർട്ടി വി.എസിന് സീറ്റ് നൽകി. പക്ഷേ അപ്പോഴേക്കും പാർട്ടിയിൽ വി,എസിന്റെ ശക്തി നന്നേ കുറഞ്ഞിരുന്നു. പ്രായാധിക്യം പറഞ്ഞ് പാർട്ടി വി.എസിനെ വിശ്രമത്തിനയച്ചു. പിണറായി മുഖ്യമന്ത്രി പദത്തിലെത്തുമ്പോൾ മൗനിയായിരുന്നു വി.എസ്. വി.എസ് എന്ന നേതാവ് അല്ലെങ്കിൽ വി.എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങൾ, ഇതായിരുന്നു മിക്ക തെരഞ്ഞെടുപ്പുകളിലും പ്രധാന വിഷയം. പിന്നിൽ നിന്ന് കുത്തിയവർക്ക് പോലും തെരഞ്ഞെടുപ്പ് ജയിക്കാൻ വി.എസിന്റെ ചിത്രങ്ങളും പ്രസംഗങ്ങളും കൂടിയേതീരൂ.
നീട്ടി കുറുക്കിയ നാടൻ ശൈലിയിലുള്ള സംസാരത്തിലൂടെ വി.എസ് വേദികൾ കീഴടക്കി. വി.എസിനെ കേൾക്കാൻ ആയിരങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഒഴുകിയെത്തി. വി.എസിന്റെ നോട്ടവും ചിരിയും മൗനവും വരെ തെരഞ്ഞെടുപ്പ് വേളകളിൽ ചൂടുള്ള വാർത്തകളായി. പാർട്ടിയെ ഒരു കാലത്ത് കൈപ്പിടിയിൽ ഒതുക്കിയ വി.എസ് പിന്നീട് ഒറ്റയാൻ ആയെങ്കിലും, കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. അത് വി.എസിന്റെ കൂടെ ചരിത്രമാണ്.