വി.എസിന്റെ വിലാപയാത്ര; അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ആലപ്പുഴയിൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചു
പൊതുദർശന വേളയിലും സംസ്‌കാര ചടങ്ങുകളിലും മെഡിക്കൽ സംഘത്തിന്റെയും ആംബുലൻസിന്റെയും സേവനമുണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ മെഡിക്കൽ ഓഫീസർ അറിയിച്ചു
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഭൗതികദേഹം വഹിച്ചുകൊണ്ട് ജില്ലയിലേക്ക് വരുന്ന വിലാപയാത്രയിൽ ഉടനീളവും പൊതുദർശനം, സംസ്‌കാരം നടക്കുന്ന സ്ഥലങ്ങളിലും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വിലാപയാത്ര ജില്ലാ അതിർത്തിയിൽ പ്രവേശിക്കുന്നത് മുതൽ മെഡിക്കൽ ഓഫീസർ, നേഴ്‌സിങ് ഓഫീസർ, നേഴ്‌സിങ് അസിസ്റ്റന്റ് എന്നിവർ അടങ്ങുന്ന മെഡിക്കൽ സംഘം ആവശ്യമായ മരുന്നുകൾ സഹിതം അനുഗമിക്കും. വിലാപയാത്രയിലും തുടർന്ന് വി.എസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വസതിയിലും ഡ്രൈവറടക്കമുള്ള ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. നാളെ (ജൂലൈ 23ന്) വിലാപയാത്രയിലും പൊതുദർശന വേളയിലും സംസ്‌കാര ചടങ്ങുകളിലും മെഡിക്കൽ സംഘത്തിന്റെയും ആംബുലൻസിന്റെയും സേവനമുണ്ടാകും.
അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടുന്നതിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി, യു.എച്ച്.ടി.സി അമ്പലപ്പുഴ എന്നിവിടങ്ങളിലെ അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കൃഷണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മാവേലിക്കര ജില്ലാ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി, ഹരിപ്പാട് താലൂക്ക് ആശുപത്രി സി.എച്ച്.സി തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ ഇന്നും(ജൂലൈ 22) ചെങ്ങന്നൂർ ജില്ലാ ആശുപത്രി, ചേർത്തല താലൂക്ക് ആശുപത്രി ഹരിപ്പാട് താലൂക്ക് ആശുപത്രി, പുളിങ്കുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നാളെയും ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ വി.ഐ.പി ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.