'മതപരിപാടിയല്ല, ദേശോത്സവമാണ് തൃത്താല ഫെസ്റ്റ്': മുസ്‌ലിം വിരുദ്ധ ക്യാമ്പയിനെതിരെ വി.ടി ബൽറാം
ദേശോത്സവത്തിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തില്‍ ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളും ഇടം പിടിച്ചിരുന്നു. ഇതിനെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണവുമായി രംഗത്ത് എത്തിയതിന്റെ പശ്ചാതത്തിലാണ് ബല്‍റാമിന്റെ പ്രതികരണം
പാലക്കാട്: ''തൃത്താല ഫെസ്റ്റ്" എന്ന പേരിൽ എല്ലാ വർഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കപ്പെടാറുള്ളതെന്ന് കെപിസിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം.
മതപരിപാടിയായല്ല ദേശോത്സവമായാണ് തൃത്താല ഫെസ്റ്റ് നടക്കാറുള്ളതെന്നും ഇത്തവണത്തെ ഫെസ്റ്റിന് മന്ത്രി എം.ബി.രാജേഷ്, എം.പി. അബ്ദുസ്സമദ് സമദാനി, ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നിവരൊക്കെ ആശംസകളർപ്പിച്ചിട്ടുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബല്‍റാം വ്യക്തമാക്കി. ഇവര്‍ ആശംസകള്‍ അര്‍പ്പിച്ചതിന്റെ സപ്ലിമെന്റും അദ്ദേഹം പങ്കുവെച്ചു.
ദേശോത്സവത്തിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളത്തില്‍ ഹമാസ്- ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളും ഇടം പിടിച്ചിരുന്നു. ഇതിനെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണവുമായി രംഗത്ത് എത്തിയതിന്റെ പശ്ചാതത്തിലാണ് ബല്‍റാമിന്റെ പ്രതികരണം.
''ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിൽ ഫലസ്തീൻ ജനതക്കും അവരുടെ സ്വാതന്ത്ര്യാഭിലാഷങ്ങൾക്കുമൊപ്പമാണ് സംഘികളല്ലാത്ത മുഴുവൻ ഇന്ത്യക്കാരും. ഇന്ത്യാ സർക്കാരിൻ്റെ ഔദ്യോഗിക നിലപാടും ഇതേ ദിശയിൽത്തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ നേതാക്കളെ ഗ്ലോറിഫൈ ചെയ്യണോ എന്നത് വേറെ വിഷയമായി ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ ഈ വിഷയത്തെ മുസ്ലിം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘ് പരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കും''- ഫേസ്ബുക്കില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
"തൃത്താല ഫെസ്റ്റ്" എന്ന പേരിൽ എല്ലാ വർഷവും നടന്നുവരാറുള്ള പരിപാടി നാടിന്റെ ഒരു പൊതു ആഘോഷമായിട്ടാണ് സംഘടിപ്പിക്കപ്പെടാറുള്ളത്. അത് ഏതെങ്കിലും പള്ളിയുമായോ ആരാധനാലയവുമായോ ബന്ധപ്പെട്ടുള്ള ഒരു മതപരമായ ആഘോഷമായിട്ടല്ല കഴിഞ്ഞ കുറേക്കാലമായി നടന്നുവരുന്നത്. ഇതിന്റെ സംഘാടക സമിതിയിൽ എല്ലാ മതത്തിൽപ്പെട്ടവരും ജനപ്രതിനിധികളും ഉണ്ടാവാറുണ്ട്. പരിപാടിയെ പിന്തുണക്കാനും വിവിധ മതവിശ്വാസികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഔദ്യോഗിക സംവിധാനങ്ങളും കടന്നുവരാറുണ്ട്. ധാരാളം ടൂറിസ്റ്റുകളും ദേശോത്സവം കാണാനെത്താറുണ്ട്.
ഇത്തവണത്തെ ഫെസ്റ്റിന് ആശംസകളർപ്പിച്ച് മന്ത്രി എം.ബി.രാജേഷും എം.പി. അബ്ദുസ്സമദ് സമദാനിയും ഞാനും ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ടുമൊക്കെ സന്ദേശങ്ങൾ നൽകിയ സപ്ലിമെന്റാണ് ഇതിനൊപ്പം നൽകിയിരിക്കുന്നത്. മതപരിപാടിയായല്ല ദേശോത്സവമായാണ് തൃത്താല ഫെസ്റ്റ് നടക്കാറുള്ളത് എന്നതിന്റെ തെളിവുകൂടിയായി പുറത്തുള്ള ആളുകൾക്ക് ഇത് ബോധ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പരിപാടിയുമായി ബന്ധപ്പെട്ട് ചിലർ പടച്ചുണ്ടാക്കിയ വിവാദങ്ങൾ ദേശീയ തലത്തിൽപ്പോലും സംഘ് പരിവാർ മാധ്യമങ്ങൾ മുസ്ലീം ജനസമൂഹത്തിനെതിരായും കേരളത്തിനെതിരായും ദുരുപയോഗിക്കുന്ന സാഹചര്യത്തിൽ എൻ്റെ നാടിനേക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനാണ് ഈ പോസ്റ്റ്.
ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിൽ ഫലസ്തീൻ ജനതക്കും അവരുടെ സ്വാതന്ത്ര്യാഭിലാഷങ്ങൾക്കുമൊപ്പമാണ് സംഘികളല്ലാത്ത മുഴുവൻ ഇന്ത്യക്കാരും. ഇന്ത്യാ സർക്കാരിൻ്റെ ഔദ്യോഗിക നിലപാടും ഇതേ ദിശയിൽത്തന്നെയാണ്. ഹമാസ് എന്ന സംഘടനയുടെ നേതാക്കളെ ഗ്ലോറിഫൈ ചെയ്യണോ എന്നത് വേറെ വിഷയമായി ചർച്ച ചെയ്യാവുന്നതാണ്. എന്നാൽ ഈ വിഷയത്തെ മുസ്ലിം വിരുദ്ധ ഹേയ്റ്റ് ക്യാമ്പയിന് ഉപയോഗിക്കുന്ന സംഘ് പരിവാറിനെ കൃത്യമായിത്തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി തൃത്താല എന്ന നാട് ഒരുമിച്ച് തന്നെ നിലയുറപ്പിക്കും.