ശിരോവസ്ത്ര വിലക്ക്: വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ സ്ഥാപനങ്ങൾക്കാവണം; അതിന് തടസ്സമാവുന്ന നിയമാവലികൾ തിരുത്തപ്പെടണം- വി.ടി ബൽറാം
ആരുടെയെങ്കിലും തലയിൽ ഒരു തട്ടം അധികമായി ഉണ്ടാവുന്നതിൽ സ്ഥാപനാധികാരികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർ അസ്വസ്ഥതപ്പെടേണ്ടതില്ല. കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ഒരു കൊച്ചു പെൺകുട്ടിക്ക് തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരികയും മനോവിഷമത്തോടെ പടിയിറങ്ങേണ്ടി വരികയും ചെയ്യുന്ന ഒരവസ്ഥ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഭൂഷണമല്ലെന്നും ബൽറാം പറഞ്ഞു
VT Balram | Photo | Facebook
കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്കിൽ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. വിദ്യാഭ്യാസ സ്ഥാപനങ്ങളാവട്ടെ, തൊഴിലിടങ്ങളാവട്ടെ, അധികാര സ്ഥാനങ്ങളാവട്ടെ, സാംസ്‌ക്കാരിക ഇടങ്ങളാവട്ടെ, അവയെല്ലാം പരമാവധി വൈവിധ്യപൂർണവും ബഹുസ്വരവുമാവുകയാണ് വേണ്ടത്. നമ്മുടേത് പോലൊരു രാജ്യത്ത് ബഹുസ്വരതക്കായി അങ്ങനെ പ്രത്യേക ഇടപെടൽ നടത്തേണ്ട കാര്യം പോലുമില്ല, നാട്ടിൽ സ്വതവേയുള്ള വൈവിധ്യങ്ങളെ തടഞ്ഞുനിർത്താതെ ഇത്തരം ഇടങ്ങളിലേക്ക് കടത്തിവിട്ടാൽത്തന്നെ മതിയാവും. അതായത് സമൂഹത്തെ റിഫ്‌ളക്റ്റ് ചെയ്യുന്ന ഇടങ്ങളായി ഓരോ സ്ഥാപനങ്ങളും മാറണമെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്. അവ അടിസ്ഥാനപരമായിത്തന്നെ ബഹുസ്വരമാവണം. കാരണം അവിടങ്ങളിലൂടെയാണ് പുറത്തെ ബഹുസ്വര സമൂഹത്തിലെ സഹജീവിതങ്ങളും അതിജീവനങ്ങളും എങ്ങനെയാവണമെന്നതിനേക്കുറിച്ചുള്ള പ്രായോഗിക പാഠങ്ങൾ വളർന്നുവരുന്ന തലമുറക്ക് പകർന്നു നൽകേണ്ടത്. ഒരു ഇന്റർകൾച്ചറൽ എക്‌സ്പീരിയൻസ് ആണ് ഓരോ വിദ്യാഭ്യാസ സ്ഥാപനവും ഒരുക്കേണ്ടത്. വ്യത്യസ്ത ജാതി, മത, ജെൻഡർ സാന്നിധ്യങ്ങൾ മാത്രമല്ല, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കഴിയുമെങ്കിൽ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരുമൊക്കെ ഒരു സ്‌കൂളിലും കോളജിലുമൊക്കെയുണ്ടായാൽ അത്രയും നന്ന്. ഇങ്ങനെയുള്ള ബഹുസ്വര സാംസ്‌കാരികാനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികൾക്കാണ് മറ്റുള്ളവരോടുള്ള എംപതി, മനസ്സിലാക്കൽ, ഉൾക്കൊള്ളൽ, സഹകരണം, പ്രിവിലിജ്, പ്രിവിലിജില്ലായ്മ എന്നിങ്ങനെയുള്ള ആശയങ്ങളും അവയുടെ പ്രയോഗങ്ങളും കൂടുതൽ സ്വാംശീകരിക്കാനാവുക. അത്തരം കുട്ടികളാണ് നാളെ നാടിന് ഗുണം ചെയ്യുന്ന പൗരരായി വളരുക.
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ സ്‌കൂൾ അസംബ്ലികളിൽ ചൊല്ലിക്കുന്നതും പാഠപുസ്തകങ്ങളുടെ ചട്ടയിൽ അച്ചടിക്കുന്നതും ഈ രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ പൈതൃകത്തിൽ അഭിമാനിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കാനുള്ള ലക്ഷ്യത്തോടെയാണ്. അതിനാൽത്തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമെന്ന് വിലയിരുത്തപ്പെടാനുള്ള ഒരു പ്രധാന മാനദണ്ഡമാവേണ്ടത് അവിടെ പരമാവധി ഡൈവേഴ്സിറ്റി ഉറപ്പുവരുത്തപ്പെടുന്നുണ്ടോ എന്നതാണ്. ഈ ദിവസങ്ങളിൽ പള്ളുരുത്തി സെയ്ന്റ് റീത്താസ് സ്‌ക്കൂളിലുണ്ടായ സംഭവ വികാസങ്ങൾ ദൗർഭാഗ്യകരമാണ്. സ്വന്തം ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യം ആർക്കായാലും വേദനാജനകമാണ്.
സ്‌കൂൾ യൂണിഫോമും ഡ്രെസ് കോഡുമൊക്കെ തുണിയുടെ നിറത്തിലും ഡിസൈനിലുമൊക്കെയായി പരിമിതപ്പെടണം. അതിനപ്പുറം ആരുടെയെങ്കിലും തലയിൽ ഒരു തട്ടം അധികമായി ഉണ്ടാവുന്നതിൽ സ്ഥാപനാധികാരികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർ അസ്വസ്ഥതപ്പെടേണ്ടതില്ല. കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ഒരു കൊച്ചു പെൺകുട്ടിക്ക് തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരികയും മനോവിഷമത്തോടെ പടിയിറങ്ങേണ്ടി വരികയും ചെയ്യുന്ന ഒരവസ്ഥ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഭൂഷണമല്ല. ഓരോ വ്യക്തികളേയും അവരുടെ എല്ലാത്തരം ഐഡന്റിറ്റികളും സഹിതം ഉൾക്കൊള്ളാൻ സ്ഥാപനത്തിന് കഴിയേണ്ടതുണ്ട്. അതിന് വിഘാതമാവുന്ന തരത്തിൽ ഏതെങ്കിലും നിയമാവലികൾ നിലവിലുണ്ടെങ്കിൽ അത് സ്വന്തം നിലക്ക് തന്നെ ഭേദഗതിപ്പെടുത്താൻ സ്ഥാപനത്തിനാവണം. വൈവിധ്യങ്ങളെ ചേർത്തുപിടിക്കലാണ്, ആസ്വദിക്കലാണ്, ആഘോഷിക്കലാണ് ജനാധിപത്യത്തിന്റെ വഴി, അകറ്റിനിർത്തലോ അപരവൽക്കരണമോ അല്ല- ബൽറാം പറഞ്ഞു.