വയനാട്ടിൽ കസ്റ്റഡിയിലായിരുന്ന 18കാരൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
പുതിയപാടി വീട്ടിൽ ഗോകുൽ (18) ആണ് മരിച്ചത്
വയനാട്: വയനാട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുലാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഉന്നത തല അന്വേഷണം വേണമെന്നും വിവിധ രാഷ്ട്രീയ പാർട്ടിക്കാർ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ 27നാണ് വയനാട് സ്വദേശിയായ ആദിവാസി പെൺകുട്ടിയെ കാണാതായത്. തിരച്ചിൽ നടക്കുന്നതിനിടെ ഇന്നലെ രാത്രി കോഴിക്കോട് നിന്ന് പെൺകുട്ടിയെ കണ്ടെത്തി. രാത്രി 11.30 ഓടെ പെൺകുട്ടിയെയും കൂടെയുണ്ടായിരുന്ന ഗോകുലിനെയും കൽപ്പറ്റ സ്റ്റേഷനിലെത്തിച്ച പൊലീസ്, പെൺകുട്ടിയെ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ ശുചിമുറിയിൽ പോയ ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
കുറച്ച് ദിവസമായി ഗോകുലിനെ കുറിച്ച് വിവരമുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആദിവാസി യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി കോൺഗ്രസ് ആരോപിച്ചു. അതേസമയം ഗുരുതര വീഴ്ച ഉണ്ടായിട്ടില്ല എന്നും സംഭവത്തിൽ നിയമപരമായ നടപടി ക്രമങ്ങളും അന്വേഷണവും ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.