നടിയെ ആക്രമിച്ച കേസ്, ഹേമ കമ്മീഷന്‍: ഡബ്ല്യു.സി.സി വനിതാകമ്മീഷന് മുന്നില്‍

വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമായി കോഴിക്കോട്ടാണ് കൂടിക്കാഴ്ച.

Update: 2022-01-16 05:29 GMT

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ അംഗങ്ങൾ വനിതാ കമ്മീഷനെ കാണുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുമായി കോഴിക്കോട്ടാണ് കൂടിക്കാഴ്ച. പാർവതി തിരുവോത്ത്, പത്മപ്രിയ, സയനോര, ദീദി, അഞ്ജലി മേനോൻ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്.

നടിയെ ആക്രമിച്ച കേസ് ഡബ്ല്യു.സി.സി വനിതാ കമ്മീഷന് മുന്നിൽ ഉന്നയിച്ചു. ജസ്റ്റിസ് ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗവും ഇന്ന് ചേരുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ചോദ്യംചെയ്യാന്‍ നീക്കം നടക്കുന്നതിനിടെയാണ് യോഗം. യോഗത്തില്‍ നടിയെ ആക്രമിച്ച കേസ് ചർച്ചയാകാനാണ് സാധ്യത. കേസിന്‍റെ തുടക്കം മുതല്‍ വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന ഡബ്ല്യു.സി.സിയുടെ വിമർശനവും ചർച്ചയാകും.

Advertising
Advertising

പള്‍സർ സുനി അമ്മയ്ക്ക് എഴുതിയ കത്തിലെ പരാമർശങ്ങളും ചർച്ചയായേക്കും. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് നടന്ന ഗൂഢാലോചനയില്‍ നടനും അമ്മ ട്രഷററുമായ സിദ്ദിഖിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അമ്മയിലെ ചിലർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പള്‍സർ സുനിയുടെ കത്തില്‍ പറയുന്നുണ്ട്. സിദ്ദിഖിനെതിരായ പരാമർശം കത്തില്‍ ഉള്ളതിനാല്‍ ഭാരവാഹിത്വത്തില്‍ നിന്ന് സിദ്ദിഖിനെ നീക്കുന്ന കാര്യവും ചർച്ചയായേക്കും.

ചൊവ്വാഴ്ചയാണ് ദിലീപിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിന് ശേഷമേ ദിലീപിന്റെ ചോദ്യം ചെയ്യൽ ഉണ്ടാകൂ. അതിനു മുൻപ് ദിലീപിനെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ, പെൻഡ്രൈവ്, ഹാർഡ് ഡിസ്ക് തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധന പൂർത്തിയാക്കും. വിചാരണ വേളയിൽ കൂറ് മാറിയ സാക്ഷികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവർ കൂറ് മാറാനുണ്ടായ സാഹചര്യം പരിശോധിക്കും.

ദിലീപിന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ചു നൽകിയ വിഐപിയെ തിരിച്ചറിഞ്ഞത് അന്വേഷണത്തിൽ വഴിത്തിരിവായിട്ടുണ്ട്. കൂടുതൽ തെളിവുകൾ നിരത്തി ഇയാളെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചോദ്യംചെയ്യലിലൂടെ കേസിലുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ചും ആക്രമണ ദൃശ്യങ്ങൾ ലഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ചും വ്യക്തത വരും. വ്യാഴാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News