'ഇനി കാത്തുനില്‍ക്കാന്‍ സമയമില്ല': നീതി തേടി ഡബ്ല്യു.സി.സി അംഗങ്ങള്‍ മന്ത്രിയെ കാണും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിൽ ആശങ്ക അറിയിച്ചാണ് മന്ത്രിയെ കാണുന്നത്.

Update: 2022-01-21 01:10 GMT

സിനിമാ പ്രവർത്തകരുടെ വനിതാ കൂട്ടായ്‍മയായ ഡബ്ല്യു.സി.സി അംഗങ്ങൾ ഇന്ന് വൈകീട്ട് 4 മണിക്ക് മന്ത്രി പി രാജീവിനെ കാണും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിൽ ആശങ്ക അറിയിച്ചാണ് മന്ത്രിയെ കാണുന്നത്. കഴിഞ്ഞ ഞായറാഴ്ച വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെയും അംഗങ്ങൾ കണ്ടിരുന്നു.

റിപ്പോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും ഉത്തരവാദിത്തപ്പെട്ടവരെ കാണുമെന്നും ഇനി കാത്തുനില്‍ക്കാന്‍ സമയമില്ലെന്നും ഡബ്ല്യു.സി.സി അംഗങ്ങൾ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മന്ത്രി പി രാജീവുമായുള്ള കൂടിക്കാഴ്ച.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാത്തതില്‍ നിരാശയുണ്ടെന്ന് നടി പാര്‍വതി നേരത്തെ പ്രതികരിച്ചിരുന്നു. സർക്കാർ വിചാരിച്ചാൽ റിപ്പോർട്ട് പുറത്ത് വരുമെന്നാണ് പ്രതീക്ഷ. പിന്തുണ നൽകുമെന്ന് വനിതാ കമ്മീഷൻ ഉറപ്പ് നൽകിയിട്ടുണ്ട്. പോസിറ്റിവായാണ് വനിതാ കമ്മീഷൻ പ്രതികരിച്ചതെന്നും പാര്‍വതി പറഞ്ഞു.

Advertising
Advertising

മുന്‍ സാംസ്കാരിക മന്ത്രിയോട് സംസാരിച്ചിരുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കേണ്ടതില്ല എന്നാണ് മന്ത്രി അറിയിച്ചതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറയുകയുണ്ടായി. ഹേമ കമ്മീഷനല്ല, കമ്മിറ്റിയാണ്. കമ്മീഷനാണെങ്കിലാണ് നിയമസഭയിൽ റിപ്പോർട്ട് സമർപ്പിക്കുക. കമ്മിറ്റിയുടെ റിപ്പോർട്ട് പഠിച്ച് തുടർനടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. സിനിമാ മേഖലയില്‍ നിയമനിർമാണം ആവശ്യമാണെന്നും സതീദേവി പറഞ്ഞു.

സിനിമാ മേഖലയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഡബ്ല്യു.സി.സി ഏറെക്കാലമായി ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ടെന്നും സതീദേവി പറഞ്ഞു. അതിനൊന്നും പരിഹാരമുണ്ടായിട്ടില്ല എന്ന വിഷമമാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ പങ്കുവെച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രൊഡക്ഷന്‍ കമ്പനികളാണ്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്‍റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി വേണം. അതൊന്നും സിനിമാരംഗത്ത് പ്രാവര്‍ത്തികമായിട്ടില്ലെന്ന് സതീദേവി പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News