മട്ടന്നൂർ നഗരസഭയിൽ എന്തുകൊണ്ട് ഇപ്പോൾ തെരഞ്ഞെടുപ്പില്ല; അറിയാം പഴയൊരു നിയമപ്രശ്‌നം

2027 സെപ്റ്റംബർ മാസത്തിലാണ് മട്ടന്നൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുക

Update: 2025-11-10 08:14 GMT

കോഴിക്കോട്: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ്ണർ പ്രഖ്യാപിച്ചിരിക്കുന്നു. കണ്ണൂരിലെ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്തുകൊണ്ടാണ് മറ്റ് തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം മട്ടന്നൂർ നഗരസഭയിൽ തെരഞ്ഞെടുപ്പ് നടക്കാക്കത് ? പഴയൊരു നിയമപ്രശ്‌നത്തെ കുറിച്ച് അറിഞ്ഞാലാണ് മട്ടന്നൂരിന്റെ പ്രത്യേകത മനസ്സിലാക്കാൻ സാധിക്കൂ.

1990 മുതൽ വർഷങ്ങളോളം നീണ്ടു നിന്ന നിയമപ്രശ്‌നത്തിന്റെ തുടർച്ചയാണ് മട്ടന്നൂരിനെ തുടർന്നിങ്ങോട്ട് വ്യത്യസ്തമാക്കുന്നത്. 1990ൽ മട്ടന്നൂരിനെ നഗരസഭയാക്കിയെങ്കിലും ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1997ലാണ്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും നീണ്ടുപോയതാണ് തെരഞ്ഞെടുപ്പ് വൈകാൻ കാരണം. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ കൂടെ നടക്കാതെ വന്നത് ഇതിനാലാണ്. നഗരസഭ രൂപം കൊണ്ടതു മുതൽ ഇടതു മുന്നണിയാണു ഭരിക്കുന്നത്. 2027 സെപ്റ്റംബർ മാസത്തിലാണ് മട്ടന്നൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുകയുള്ളു.

Advertising
Advertising

1990 ൽ ഇ.കെ.നയനാർ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാറാണ് മട്ടന്നൂരിനെ മുനിസിപ്പാലിറ്റിയാക്കി ഉയർത്തിയത്. എന്നാൽ, 1991 ൽ അധികാരത്തിൽ വന്ന ഐക്യജനാധിപത്യ മുന്നണി സർക്കാർ മുൻ സർക്കാറിന്റെ തീരുമാനം റദ്ദ് ചെയ്യുകയായിരുന്നു. റദ്ദ് ചെയ്ത സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫ് കോടതിയെ സമീപിച്ചു. തുടർന്ന്, മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വർഷങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു.1996 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മട്ടന്നൂരിനെ വീണ്ടും മുനിസിപ്പാലിറ്റിയാക്കി ഉയർത്തുകയായിരുന്നു. മട്ടന്നൂർ മുനിസിപ്പാലിറ്റി ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1997 ലാണ്

മട്ടന്നൂർ നഗരസഭയിലേക്ക് അവസാനം നടന്ന തെരഞ്ഞെടുപ്പ് 2022 ലാണ്. നഗരസഭയിലെ 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിർത്തിയപ്പോൾ 14 സീറ്റുകളിലാണ് യുഡിഎഫിന് നേടാനായത്. മൊത്തം വാർഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോൾ നാലായിരത്തോളം വോട്ടുകളുടെ മുൻതൂക്കമാണ് എൽഡിഎഫിനുള്ളത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News