അരിക്കൊമ്പനെ മാറ്റിയിട്ടും രക്ഷയില്ല; ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം, ഷെഡ് തകര്‍ത്തു

ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്

Update: 2023-05-01 06:30 GMT
Editor : Shaheer | By : Web Desk
Advertising

ഇടുക്കി: അരിക്കൊമ്പനെ മാറ്റിയതിനു പിന്നാലെ ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിനു സമീപം രാജന്റെ താൽക്കാലിക ഷെഡാണ് പൂർണമായി നശിപ്പിച്ചത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടിൽ ആൾതാമസമില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

ചിന്നക്കനാലിൽ ഏറെനാൾ ഭീതിപരത്തിയ അരിക്കൊമ്പനെ ദിവസങ്ങൾ നീണ്ട ദൗത്യത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് മാറ്റിയത്. പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് ആനയെ മാറ്റിയത്. മയക്കുവെടിവച്ച അരിക്കൊമ്പനെ ഞായറാഴ്ച പുലർച്ചെയാണ് പെരിയാറിലെ ഉൾവനത്തിൽ തുറന്നുവിട്ടത്.

അതേസമയം, പുതിയ ആവാസവ്യവസ്ഥയുമായി അരിക്കൊമ്പൻ പൊരുത്തപ്പെട്ടുതുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു. പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പൻ. ഇറക്കിവിട്ട സ്ഥലത്തുനിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ അരിക്കൊമ്പനുണ്ടെന്നാണ് ജി.പി.എസ് കോളറിൽനിന്ന് ഒടുവിൽ ലഭിച്ച സന്ദേശം. ഇന്നലെ വൈകീട്ട് മേദകാനം ഭാഗത്താണ് ആനയുണ്ടായിരുന്നത്. ഇന്നത്തോടെ പൂർണമായും മയക്കംവിട്ട് ഉണരുമെന്നാണ് കണക്കുകൂട്ടൽ.

നിലവിലെ സാഹചര്യത്തിൽ ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ഏതാനും ദിവസങ്ങൾകൂടി ദൗത്യസംഘം അരിക്കൊമ്പൻ നിരീക്ഷണം തുടരും.

Summary: Wild elephant attack reported in Chinnakkanal, Idukki, following the Arikkomban mission completed 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News