തൃശൂർ കുതിരാനിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്
പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്
Photo| MediaOne
തൃശൂര്‍: തൃശൂർ കുതിരാനിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഫോറസ്റ്റ് വാച്ചർ ബിജുവിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്.
ആന ആക്രമിച്ചതിന്‍റെ നടുക്കം ഇപ്പോഴും കുതിരാൻ സ്വദേശിയായ ജോർജിന് വിട്ടു മാറിയിട്ടില്ല. ഫോറസ്റ്റ് വാച്ചർ ബിജുവിനൊപ്പം രാത്രി ശബ്ദം കേട്ട് സ്ഥലത്തെത്തിയതാണ് ജോർജ്. അപ്രതീക്ഷിതമായി ഓടിയെത്തിയ ആന ബിജുവിനെ തള്ളിയിട്ടു. കൊമ്പുകൊണ്ട് കുത്തി. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ബിജു തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടാന ശല്യത്തിന് അധികൃതർ പരിഹാരം കാണുന്നില്ല എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ഫെൻസിങ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.
അതിനിടെ തിരുവനന്തപുരം വിതുര മണലിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടനയെ ഉൾവനത്തിലേക്ക് കടത്തിവിടുന്നു. വനം വകുപ്പിന്‍റെ നേതൃത്വത്തിലാണ് ദൗത്യം. ആനയെ 15 കിലോമീറ്ററിൽ കുടുതൽ ഉൾവനത്തിലേക്ക് കടത്തിവിടാനാണ് ശ്രമം. മേഖലയിൽ കാട്ടാനകളിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. പ്രശ്നത്തിൽ സ്ഥിരം പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.