ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് യുഡിഎഫ് ; 12,000ത്തിൽ കുറയാത്ത ഭൂരിപക്ഷമുണ്ടാകുമെന്ന് വിലയിരുത്തൽ
വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്
നിലമ്പൂര്‍: 12,000 ത്തിൽ കുറയാത്ത ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് യുഡിഎഫിൻ്റെ പ്രാഥമിക വിലയിരുത്തൽ. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. പി.വി അൻവർ നേടുന്ന വോട്ടുകൾ എൽഡിഎഫ് ക്യാമ്പിനാകും പരിക്കേൽപിക്കുക എന്നും യുഡിഎഫ് കരുതുന്നു.
യുഡിഎഫ് ബൂത്ത് കമ്മിറ്റികളിൽ നിന്നും ലഭിച്ച പ്രാഥമിക കണക്ക് പ്രകാരം നിലമ്പൂർ മുൻസിപ്പാലിറ്റിയിലും ഏഴ് പഞ്ചായത്തുകളിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യും. വഴിക്കടവാണ് ഏറ്റവും പ്രതീക്ഷയുള്ള പഞ്ചായത്ത്. 3000 വോട്ടിൻ്റെ ഭൂരിപക്ഷമാണ് വഴിക്കടവിൽ നിന്ന് പ്രതീക്ഷിക്കുന്നത്.എൽഡിഎഫ് ജയിച്ച കഴിഞ്ഞ തവണയും ലീഡ് തന്ന മുത്തേടത്ത് നിന്ന് ഇത്തവണ പ്രതീക്ഷിക്കുന്നത് 2500 വോട്ടിൻ്റെ ഭൂരിപക്ഷം. നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ഇത്തവണ ലീഡ് നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം 2000.
എൽഡിഎഫ് ഭരിക്കുന്ന പോത്തുകല്ലിൽ യുഡിഎഫ് 1500 ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. ചുങ്കത്തറയും എടക്കരയും 1000 വോട്ടിൻ്റെ മുൻതൂക്കമെ പ്രതീക്ഷിക്കുന്നുള്ളു. അമരമ്പലം, കരുളായി എന്നീ പഞ്ചായത്തുകളിൽ നേരിയ ഭൂരിപക്ഷമാണ് ലഭിക്കുക. 500 വോട്ടു മാത്രം. 2026 നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനലാണെന്ന രീതിയിൽ നടത്തിയ ചിട്ടയായ പ്രവർത്തനമാണ് മുന്നണിക്ക് പ്രതീക്ഷ നൽകുന്നത്. ഭരണവിരുദ്ധ വികാരം കുടി പ്രകടമാകുന്നതോടെ ഭൂരിപക്ഷം വർധിക്കാനുള്ള സാധ്യത യുഡിഎഫ് കാണുന്നു.
അൻവർ പിടിക്കുന്ന വോട്ടുകൾ പരിക്കേൽപിക്കില്ലെന്നും യുഡിഎഫ് കരുതുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി അൻവറിലൂടെ എൽഡിഎഫിലെത്തിയ വോട്ടുകളാകും പി.വി അൻവർ പിടിക്കുക. ഫലത്തിൽ യുഡിഎഫ് അനുകൂലമാകും അൻവർ നേടുന്ന വോട്ടുകളെന്നും കരുതുന്നു.ബൂത്ത് തലത്തിൽ നിന്ന് കൃത്യമായ കണക്ക് ലഭിക്കുന്ന മുറക്ക് കൂടുതൽ കൃത്യതയുള്ള വിലയിരുത്തലിലേക്ക് യുഡിഎഫ് എത്തിച്ചേരും.