രാഹുല്‍ വയനാട് വിടുമോ? പ്രിയങ്ക മത്സരിച്ചേക്കുമെന്നും സൂചന

വയനാട് സീറ്റ് ഒഴിയാനാണ് രാഹുലിന്‍റെ തീരുമാനമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമെന്നും വിവരമുണ്ട്

Update: 2024-06-05 01:24 GMT
Editor : Jaisy Thomas | By : Web Desk

വയനാട്: രാഹുൽ ഗാന്ധി മത്സരിച്ച രണ്ടിടങ്ങളിലും വിജയിച്ചതോടെ മണ്ഡലങ്ങളിൽ ഏത് നിലനിർത്തും എന്ന കൗതുകത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. യുപിയിലെ റായ്ബറേലിയിലും വയനാട്ടിലും വൻഭൂരിപക്ഷത്തിലാണ് രാഹുലിന്‍റെ ജയം. വയനാട് സീറ്റ് ഒഴിയാനാണ് രാഹുലിന്‍റെ തീരുമാനമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുമെന്നും വിവരമുണ്ട്.

മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന് റായ്ബറേലിയിലും മൂന്ന് ലക്ഷത്തി അറുപത്തി നാലായിരം വോട്ടിന് വയനാട്ടിലും വൻഭൂരിപക്ഷത്തോടെയാണ് രാഹുലിൻ്റെ ജയം. യു.പിയിലും കേരളത്തിലും രാഹുലിന്‍റെ സാന്നിധ്യം ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് സഖ്യത്തിന്‍റെ വൻ മുന്നേറ്റത്തിനു കാരണവുമായി. രണ്ടു സ്ഥലത്തും വൻ വിജയം നേടിയ രാഹുൽ റായ്ബറേലി നിലനിർത്താനുള്ള സാധ്യതയാണ് കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വെക്കുന്നത്. വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് കോൺഗ്രസ് മുന്നൊരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായി നിലവിലെ ബൂത്ത് തല വോട്ടർ പട്ടിക സൂക്ഷിച്ചുവെക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ കീഴ്ഘടകങ്ങൾക്ക് വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ കോൺഗ്രസ് നൽകുകയും ചെയ്തിരുന്നു.

Advertising
Advertising

അങ്ങനെ വന്നാൽ, വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മൽസരിപ്പിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇത്തവണ യുപിയിൽ നിന്ന് മൽസരിക്കാൻ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും പ്രിയങ്ക തയ്യാറായിരുന്നില്ല. ഇതും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്നാണ് നിരീക്ഷണം. സ്വന്തം കുടുംബമാണെന്ന് രാഹുൽ ആണയിട്ട് പറയുന്ന വയനാടിനെ ഉപേക്ഷിച്ചുവെന്ന പഴി സഹോദരിയുടെ സ്ഥാനാർത്ഥിത്വത്തോടെ ഇല്ലാതാക്കാൻ കഴിയുമെന്ന് രാഹുലും കണക്കുകൂട്ടുന്നുണ്ട്. രാഹുലിനെന്ന പോലെ വയനാട്ടിൽ പ്രിയങ്കക്കു മുന്നിലും വെല്ലുവിളികൾ ഇല്ലെന്നും കന്നി മത്സരത്തിനിറങ്ങുന്ന പ്രിയങ്കയുടെ പോരാട്ടം രാഹുലിന്‍റെ ഭൂരിപക്ഷത്തോട് മാത്രമായിരിക്കുമെന്നുമാണ് യുഡിഎഫ് പ്രവർത്തകരുടെ അവകാശവാദം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News