തെരുവുനായകളെ കൊല്ലാന്‍ സുപ്രിംകോടതിയുടെ അനുമതി തേടുമെന്ന് സര്‍ക്കാര്‍

വന്ധ്യംകരണ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Update: 2022-09-12 12:58 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍. പേയുള്ള നായകളെയും അക്രമകാരികളായ നായകളേയും കൊല്ലാന്‍ സുപ്രിംകോടതിയുടെ അനുമതി തേടുമെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

എ.ബി.സി പദ്ധതിക്ക് വലിയ തിരിച്ചടിയായത് കുടുംബശ്രീ പ്രവര്‍ത്തകരെ അതില്‍ നിന്നും വിലക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവാണ്. അതിനാല്‍ എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് അനുമതി നല്‍കണമന്നും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

Advertising
Advertising

ഇതു കൂടാതെ, വന്ധ്യംകരണ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്‌സിനേഷന്‍ നടപടികള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. നടപടികള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്നും ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതികള്‍ നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.

ഇതിനായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ യോഗം വിളിച്ചുചേര്‍ക്കും. പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പറേഷന്‍ തലങ്ങളിലും അതാതു മേധാവികളുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ക്കും. എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കും. 76 എ.ബി.സി സെന്ററുകളില്‍ തുടങ്ങാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.

കുമിഞ്ഞുകൂടുന്ന മാലിന്യം തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. മാലിന്യനീക്കത്തിന് ജില്ലാ തലത്തില്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കല്യാണ മണ്ഡപങ്ങള്‍, മാംസ വ്യാപാരികള്‍ എന്നിവരുടെ യോഗം വിളിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. അവ കര്‍ശനമായി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും.

അതിനായി ജില്ലാ കലക്ടര്‍മാരുടേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും യോഗം ചേരും. മാലിന്യങ്ങള്‍ നീക്കാന്‍ ജനകീയ ഇടപെടല്‍ തേടും. കോവിഡ്കാലത്ത് രൂപീകരിച്ച സന്നദ്ധസേനയെ പുനരുജ്ജീവിപ്പിച്ചും കൂടുതല്‍ ശക്തിപ്പെടുത്തിയും അവരുടെ നേതൃത്വത്തില്‍ വിപുലമായ മാലിന്യനിര്‍മാര്‍ജന പരിപാടിക്ക് രൂപം നല്‍കും. മഴയ്ക്കു ശേഷമായിരിക്കും ഇതെന്നും മന്ത്രി വിശദമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News