Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കോഴിക്കോട്: കേരളത്തിലെ ഇസ്ലാമോഫോബിയയെ റദ്ദ് ചെയ്ത് വർഗീയ ശക്തികൾക്ക് ശക്തി പകരുന്നതിലൂടെ എസ്എഫ്ഐ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വിസ്‌ഡം സ്റ്റുഡന്റസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്ല ബാസിൽ. കേരളത്തിൽ മുസ്‌ലിം വിരുദ്ധതയില്ല എന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന്റെ പ്രസ്താവനക്കെതിരെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തങ്ങളുടെ പൊളിറ്റിക്കൽ പ്രോജക്ടിനോട് ചേർന്നുനിൽക്കാത്തവരെ ബാഡ് മുസ്‌ലിം കാറ്റഗറിയിൽ ഉൾപ്പെടുത്തി അതിന്റെ പേരിൽ ഇസ്ലാമിനെയും മുസ്ലിംകളെയും ആക്രമിക്കുക എന്നത് തന്നെയാണ് എല്ലാ മുസ്ലിം വിരുദ്ധരും ഇതുവരേക്കും ചെയ്തിട്ടുള്ളതെന്നും അബ്ദുല്ല ബാസിൽ പറഞ്ഞു. വെള്ളാപ്പള്ളി ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞതും, ടിജി മോഹൻദാസ് തെരുവിൽ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞതും, സെൻകുമാർ വേട്ടയാടിയതും ജമാഅത്തിനെ ആയിരുന്നോ അതോ മുസ്‌ലിംകളെ ആയിരുന്നോവെന്നും അദ്ദേഹം ചോദിച്ചു.
ജമാഅത്ത് സിപിഎമ്മിന്റെ കൂടെ നിന്ന കാലത്ത് നിങ്ങൾക്ക് മറ്റുപലരുമായിരുന്നില്ലേ ബാഡ് മുസ്ലിംകൾ? അന്നും ഇന്നും ജമാഅത്തിന്റെ ആദർശങ്ങളോട് മറ്റ് മുസ്ലിം സംഘടനകളും അവർ തിരിച്ചും വിയോജിച്ചിട്ടുണ്ട്. പക്ഷെ കേവല തെരഞ്ഞെടുപ്പ് നയം മാറ്റത്തിന്റെ പേരിൽ ഇത്രമേൽ അധഃപതിച്ച രീതിയിൽ കേരളത്തിലെ ഇസ്ലാമോഫോബിയയെ റദ്ദ് ചെയ്ത് വർഗീയ ശക്തികൾക്ക് ശക്തി പകരുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും ബാസിൽ വിമർശിച്ചു.
ഡോ. അബ്ദുല്ല ബാസിൽ സിപിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
'കേരളത്തെ ഇസ്ലാമോഫോബിയ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് sfi സംസ്ഥാന പ്രസിഡന്റ്!
ന്യായമോ, ശശികലമാരും നാസ്തിക മോർച്ചക്കാരും സ്ഥിരം പറയുന്ന “ഞങ്ങൾക്ക് ഇസ്ലാമോഫോബിയ ഇല്ല, ജിഹാദികളെ/ മൗദുദികളെ/സലഫികളെ / സുന്നി യാഥാസ്ഥിതികരെ മാത്രമാണ് എതിർക്കുന്നത്” എന്ന ഗുഡ് മുസ്ലീം - ബാഡ് മുസ്ലീം ബൈനറിയും!
ശശികലയും പ്രതീഷ് വിശ്വനാഥുമാരും ആരിഫുസൈന്മാരും സോഷ്യൽ മീഡിയയിൽ മുസ്ലിം വിരുദ്ധത ഛർദിച്ച്, അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന സമയത്ത് തന്നെ കേരളത്തിൽ ഇസ്ലാമോഫോബിയ ഇല്ലെന്നൊക്കെ പറയണമെങ്കിൽ എത്രമാത്രം അന്തക്കേട് വേണം?!
തങ്ങളുടെ പൊളിറ്റിക്കൽ പ്രോജക്ടിനോട് ചേർന്നുനിൽക്കാത്തവരെ ബാഡ് മുസ്ലീം കാറ്റഗറിയിൽ ഉൾപ്പെടുത്തി, അതിന്റെ പേരിൽ ഇസ്ലാമിനെയും മുസ്ലിംകളെയും ആക്രമിക്കുക എന്നത് തന്നെയാണ് എല്ലാ മുസ്ലിം വിരുദ്ധരും ഇതുവരേക്കും ചെയ്തിട്ടുള്ളത്. സാമ്രാജ്യത്വത്തിന് അത് അവരോട് ചേർന്ന് നിൽക്കാത്തവരായിരുന്നു. ഹൈന്ദുത്വ തീവ്രവാദികൾക്ക് അത് ദേശീയ മുസ്ലിം അല്ലാത്തവരായിരുന്നു. നാസ്തിക മോർച്ചക്കാർക്ക് അത് തരം പോലെ ജമാഅത്തും മുജാഹിദും സുന്നിയുമെല്ലാമാകും.
വെള്ളാപ്പള്ളി ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞതും, ടിജി മോഹൻദാസ് തെരുവിൽ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞതും, സെൻകുമാരൻമാർ വേട്ടയാടിയതും ജമാഅത്തിനെ ആയിരുന്നോ അതോ മുസ്ലീംകളെ ആയിരുന്നോ?
ജമാഅത്ത് സിപിഎമ്മിന്റെ കൂടെ നിന്ന കാലത്ത് നിങ്ങൾക്ക് മറ്റുപലരുമായിരുന്നില്ലേ ബാഡ് മുസ്ലിംകൾ? അന്നും ഇന്നും ജമാഅത്തിന്റെ ആദർശങ്ങളോട് മറ്റ് മുസ്ലിം സംഘടനകളും അവർ തിരിച്ചും വിയോജിച്ചിട്ടുണ്ട്. പക്ഷെ കേവല തിരഞ്ഞെടുപ്പ് നയം മാറ്റത്തിന്റെ പേരിൽ ഇത്രമേൽ അധഃപതിച്ച രീതിയിൽ കേരളത്തിലെ ഇസ്ലാമോഫോബിയയെ റദ്ദ് ചെയ്ത് വർഗീയ ശക്തികൾക്ക് ശക്തി പകരുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?!