'വിദ്യാസമ്പന്നരായ വനിതകളെ നേതൃനിരയിലേക്ക് കൊണ്ടുവരണം, ലീഗ് മാറിയേ മതിയാവൂ'; കെ.എം ഷാജി

'സി.പി.എം അടിസ്ഥാനപരമായി ഇസ്‍ലാമോഫോബിക്കാണ്'

Update: 2023-03-10 04:26 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: വിദ്യാസമ്പന്നരായ വനിതകളെ നേതൃനിരയിലേക്ക് കൊണ്ടുവരികയെന്നതാണ് മുസ്‍ലിം ലീഗ് പുതിയ കാലത്ത് ഏറ്റെടുക്കേണ്ട വെല്ലുവിളിയെന്ന്  കെ.എം ഷാജി. '51 ശതമാനം പാർട്ടി അംഗങ്ങൾ വനിതകളായതിന്റെ സന്ദേശം ലീഗ് തിരിച്ചറിയണം. അതു ഉൾക്കൊള്ളണം പാർട്ടി. അവകാശ പ്രഖ്യാപനത്തിൽ അഭിരമിക്കുകയല്ല വേണ്ടത്. കേരളത്തിലെ സമുദായത്തിന്റെ ഇടയിൽ വരുത്തേണ്ടുന്ന ഏറ്റവും വലിയ മാറ്റം സ്ത്രീ വിദ്യാഭ്യാസമല്ല, സ്ത്രീകളുടെ തൊഴിലാണ്. അവിടെ എന്തു ചെയ്യാമെന്ന് ആലോചിക്കേണ്ടതാണ് ഇനി ലീഗിന് മുന്നിലുള്ള കടമ്പ'. അവരെ ഇനി അവഗണിച്ചുനിർത്താനാകില്ലെന്നും ഷാജി മീഡിയവണിനോട് പറഞ്ഞു.

'അവർക്ക് ലഭ്യമാക്കേണ്ട നീതി തൊഴിലിടങ്ങളിലും രാഷ്ട്രീയ ഇടങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും എല്ലാം കൊടുത്തേ മതിയാകൂ. ലീഗ് അങ്ങനെ മാറണ്ടേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. മാറിയേ മതിയാവൂ എന്നതാണ് ലീഗിന്റെ നിലനിൽപ്പിന്റെ ആധാരം. പാർട്ടി പുനസംഘടനയിൽ മത്സരം നടന്നത് നല്ല സൂചനയാണ്. മുസ്‍ലിം ലീഗ് ഒരു കേഡർ പാർട്ടി അല്ലല്ലോ.അങ്ങനെ ഒരു കേഡർ ആയിട്ട് പിന്നെ കാണുന്നതിനോട് ഞങ്ങൾക്കൊന്നും യോജിപ്പില്ല.' ..അദ്ദേഹം പറഞ്ഞു.

'സ്വതന്ത്രമായ ജനാധിപത്യമുള്ള, തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാൻ പറ്റുന്ന, അത് ശരിയല്ലെന്ന് ഉറക്കെ പറയാൻ പറ്റുന്ന നല്ല റബലുകൾക്ക് നല്ല സാധ്യതകൾ ഉണ്ടാകുന്ന ഒരു പാർട്ടി തന്നെ ആകണം മുസ്‍ലിം ലീഗ് എന്നു തന്നെയാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം. പക്ഷേ റബലുകൾ ശക്തമായിട്ട് പാർട്ടിയിൽ ഇനിയും വരണം.'..കേരളത്തിനും തമിഴ് നാടിനും പുറത്തേക്ക് വളരാൻ കഴിയാതിരുന്നത് പാർട്ടിയുടെ പരിമിതിയാണെന്നും കെ.എം  ഷാജിപറഞ്ഞു. 

'സി.പി.എം അടിസ്ഥാനപരമായി ഇസ്ലാമോഫോബിക്ക് ആണ്. ഇന്ത്യയിൽ സംഘപരിവാർ ഉപയോഗിക്കുന്ന രാഷ്ട്രീയ മുസ്‍ലിം വിരുദ്ധ ആയുധങ്ങളിൽ തൊണ്ണൂറ് ശതമാനവും കൊടുത്തത് കേരളത്തിനാണ്.ആർ.എസ്.എസിന് ആയുധം കൊടുക്കുന്നത് ഇടതുപക്ഷമാണെന്നും' അദ്ദേഹം പറഞ്ഞു.  സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ബിൻ ലാദൻ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് ഷാജിയുടെ പ്രതികരണം.




Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News