വേൾഡ് മാരോ ഡേ 2025: തന്റെ ജീവദാതാവിനെ ആദ്യമായി കണ്ട് ആദിനാരായണൻ
കൊല്ലം അഞ്ചൽ സ്വദേശിയായ ആദിനാരായണൻ ലുക്കീമിയ ബാധിച്ച് രണ്ട് വർഷം മുമ്പാണ് കോഴിക്കോട് എംവിആർ കാൻസർ സെൻ്ററിൽ നിന്നും ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാൻ്റിന് വിധേയനാകുന്നത്
തിരുവനന്തപുരം: ബ്ലഡ് സ്റ്റം സെൽ ട്രാൻസ്‌പ്ലാൻ്റിലൂടെ ബ്ലഡ് കാൻസറിനെ അതിജീവിച്ച ആദിനാരായണൻ ആദ്യമായി തൻ്റെ ജീവദാതാവിനെ കാണുന്ന ദിനമായിരുന്നു ഇന്ന്. വേൾഡ് മാരോ ഡേ 2025-ൻ്റെ ഭാഗമായി ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്‌ട്രിയും തിരുവനന്തപുരം, എം ജി കോളജും എൻഎസ്എസ് യൂണിറ്റ് - കെഎൽ 15എ &ബിയും സംയുക്തമായി ഒരുക്കിയ വേദിയിലാണ് ഈ വികാരഭരിതമായ കൂടിക്കാഴ്ച നടന്നത്.
കൊല്ലം അഞ്ചൽ സ്വദേശിയായ പതിനേഴുകാരൻ ആദിനാരായണൻ ബി സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ബാധിച്ച് രണ്ട് വർഷം മുമ്പാണ് കോഴിക്കോട് എംവിആർ കാൻസർ സെൻ്ററിൽ നിന്നും ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്പ്ലാൻ്റിന് വിധേയനാകുന്നത്. ഹേമറ്റോ ഓങ്കോളജിസ്റ്റ് ഡോ. വി.പി കൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്‌പ്ലാൻ്റ്ന് എച്ച്എൽഎ സാമ്യമുള്ള ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്തത് തിരുവനന്തപുരം സ്വദേശി വിഷ്ണു വേണുഗോപാൽ ആയിരുന്നു.
ഒരു എച്ച്എൽഎ സാമ്യം ലഭിക്കാനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. ആദിനാരായണന് ഏഴ് വയസ്സ് പ്രായമുള്ളപ്പോഴാണ് ബ്ലഡ് കാൻസർ ആദ്യം പിടിമുറുക്കുന്നത്, അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും രോഗം വരികയും അർസിസിയിൽ നിന്ന് കാൻസറിനെ പോരാടി തോൽപ്പിക്കുകയും ചെയ്തു. മൂന്നാം വരവിൽ കാൻസറിൻ്റെ സെക്കൻ്റ് റിലാപ്സിലാണ് ബ്ലഡ് സ്റ്റെം സെൽ ട്രാൻസ്‌പ്ലാൻ്റ് വേണ്ടി വരുന്നത്. വർഷങ്ങളോളം നീണ്ടു നിന്ന കാൻസർ പോരാട്ടത്തിൽ ആദി നാരായണൻ്റെ ഏക പ്രതീക്ഷ ആയത് സ്റ്റെം സെൽ ദാനം ചെയ്യാനുള്ള വിഷ്ണു വേണുഗോപാലിൻ്റെ തീരുമാനമാണ്.
ദാത്രി
ദാത്രി എന്നാൽ ദാതാവ് എന്നർഥം. രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടന: ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർസ് രജിസ്ട്രി 2009-ലാണ് സ്ഥാപിതമായത്. രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കൽ (Blood Stem Cell Transplant) ചികിത്സക്കായി ദാതാവിനെ അന്വേഷിക്കുന്ന ഓരോ രോഗിക്കും എച്ച്എൽഎ (HLA) സാമ്യം ഉള്ള രക്തമൂലകോശ ദാതാവിനെ കണ്ടെത്തി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദാത്രി സ്ഥാപിച്ചത്.
വേൾഡ് മാരോ ഡോണർ അസോസിയേഷന്റെ (WMDA) അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ദാത്രി, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ സെക്ഷൻ 8 കമ്പനി രജിസ്ട്രേഷൻ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നു.
ആറ് ലക്ഷത്തോളം ആളുകളാണ് ദാത്രിയിൽ സന്നദ്ധ രക്തമൂലകോശ ദാനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവരെ 1645 രക്തമൂലകോശ ദാനങ്ങൾ(Blood Stem Cell Donations) ദാത്രിയിലൂടെ നടന്നിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: www.datri.org | aby@datri.org | +91 7397772455