അടൂരിനെ തിരുത്താന്‍ ഞാന്‍ ആരുമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 'സ്വഭാവഗുണമില്ലായ്മ' അല്ല. മനുഷ്യത്വമില്ലായ്മയാണ്; കെ.ആര്‍ മീര

കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍ അപേക്ഷ

Update: 2021-05-28 06:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

നിരവധി സ്ത്രീകളുടെ ലൈംഗികാരോപണങ്ങള്‍ക്ക് വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍.വി പുരസ്കാരം നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയാണ്. സിനിമാ,സാമൂഹ്യരംഗത്ത് നിന്നും നിരവധി പേരാണ് വൈരമുത്തുവിനെതിരെ രംഗത്തെത്തുന്നത്. ഇപ്പോള്‍ പ്രശസ്ത എഴുത്തുകാരി കെ.ആര്‍ മീര വിഷയത്തില്‍ തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്.

പുരസ്കാര വിവാദവുമായി ബന്ധപ്പെട്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു മീരയുടെ കുറിപ്പ്. സ്വഭാവഗുണമല്ല സാഹിത്യ പുരസ്കാരത്തിന്‍റെ മാനദണ്ഡമെന്നായിരുന്നു അടൂര്‍ പറഞ്ഞത്. സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ 'സ്വഭാവഗുണമില്ലായ്മ' അല്ല. മനുഷ്യത്വമില്ലായ്മയാണെന്ന് മീര ഫേസ്ബുക്കില്‍ കുറിച്ചു.

മീരയുടെ കുറിപ്പ് വായിക്കാം

പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ '' ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം' എന്ന പ്രതികരണത്തോട് ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.

കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.

ഒ.എന്‍.വി. സാറിന്‍റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍.

''അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം.'' എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്. ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ ഞാന്‍ ആരുമല്ല. പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ 'സ്വഭാവഗുണമില്ലായ്മ' അല്ല. മനുഷ്യത്വമില്ലായ്മയാണ്.കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍ അപേക്ഷ‍.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News