മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിയെ പിന്തുണച്ചിട്ടില്ല, അധികകാലം സുരേഷ് ഗോപി വിഷമയമായ ബി.ജെ.പിയില്‍ തുടരുമെന്ന് തോന്നുന്നില്ല: എന്‍.എസ് മാധവന്‍

സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്

Update: 2021-05-29 06:31 GMT

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണം തുടരുകയാണ്. ഇതിനിടെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും പൃഥ്വിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്‍ സുരേഷ് ഗോപിയും പൃഥ്വിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

"സുരേഷ് ഗോപിയുടെ രാഷ്ട്രീയം അങ്ങനെയാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്. മനുഷ്യത്വം എന്നും അദ്ദേഹത്തില്‍ തിളങ്ങി നില്‍ക്കാറുണ്ട്. അദ്ദേഹമല്ലാതെ മറ്റൊരു സൂപ്പര്‍ താരവും പൃഥ്വിരാജിനെ പിന്തുണച്ചിട്ടില്ല. അതും, സ്വന്തം പാര്‍ട്ടിയായ ബി.ജെ.പി തന്നെ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദര്‍ഭത്തില്‍. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തില്‍ തുടരുമെന്ന് തോന്നുന്നില്ല" എന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

Advertising
Advertising

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് പൃഥ്വിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിക്കും കുടുംബത്തിനുമെതിരെ ജനം ടിവിയുടെ വെബ്സൈറ്റില്‍ ലേഖനവും പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിരാജിന്‍റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്ക് വേണ്ടി എന്ന തലക്കെട്ടില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവാണ് ചാനല്‍ വെബ് സൈറ്റില്‍ ലേഖനം എഴുതിയത്. ലേഖനം പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഓരോ വ്യക്തിക്കും അഭിപ്രായങ്ങളുണ്ടാകുമെന്നും അതിലേക്ക് കുടുംബത്തെ വലിച്ചിഴക്കരുതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപിയുടെ കുറിപ്പ്

Please... Please... Please...

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ.

Let Dignity and Integrity be your Sword when you criticize. Keep protected Integrity, Dignity, Decency and let Emotions be PURE and SINCERE

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News