'അയ്യപ്പസംഗമം വിജയിക്കട്ടെ' - ആശംസയറിയിച്ച് യോഗി, കത്ത് ഉദ്ഘാടനവേദിയിൽ വായിച്ച് മന്ത്രി
സംഗമത്തിന്റെ ലക്ഷ്യമെന്താണോ അതിൽ വിജയം കാണാൻ കഴിയട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്..
Update: 2025-09-20 06:12 GMT
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ആശംസയറിയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയ്യപ്പസംഗമം വിജയിക്കട്ടെ എന്നായിരുന്നു ദേവസ്വം മന്ത്രി വി.എൻ വാസവനയച്ച കത്തിൽ യോഗിയുടെ ആശംസ. കത്ത് ഉദ്ഘാടന വേദിയിൽ മന്ത്രി വായിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 16ാം തീയതിയാണ് യോഗി ആദിത്യനാഥ് മന്ത്രി വാസവന് കത്തയച്ചത്. തന്നെ അയ്യപ്പസംഗമത്തിന് ക്ഷണിച്ചതിൽ നന്ദിയുണ്ടെന്നും സംഗമം വിജയിക്കട്ടെ എന്നും യോഗി കത്തിൽ കുറിച്ചിട്ടുണ്ട്. സംഗമത്തിന്റെ ലക്ഷ്യമെന്താണോ അതിൽ വിജയം കാണാൻ കഴിയട്ടെ എന്ന ആശംസയോടെയാണ് കത്ത് അവസാനിക്കുന്നത്.
ബിജെപിയുടെ പ്രധാന നേതാവ് ആയത് കൊണ്ടു തന്നെ യോഗിയുടെ ആശംസ വലിയ നേട്ടമായാണ് ദേവസ്വം ബോർഡും സർക്കാരും കാണുന്നത്. അതുകൊണ്ടു തന്നെ അത് വലിയ രീതിയിൽ പ്രചരിപ്പിക്കാനാണ് കത്ത് വേദിയിൽ തന്നെ മന്ത്രി വായിച്ചതും.