'കുനിച്ചു നിർത്തി ഇടിച്ചു, മർദനത്തിനു ശേഷം മലിനജലം കുടിപ്പിച്ചു'; പൊലീസിനെതിരെ കസ്റ്റഡി മർദന ആരോപണവുമായി യുവാവ്
പത്തനംതിട്ട കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം
പത്തനംതിട്ട: കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ കസ്റ്റഡി മർദന ആരോപണവുമായി യുവാവ്. സിഐ സുരേഷ് കുമാറും ജോബിൻ എന്ന പൊലീസ് ഉദ്യോഗസ്ഥനും മർദനത്തിനുശേഷം മലിനജലം കുടിപ്പിച്ചു. മർദനത്തിനു പിന്നാലെ കഞ്ചാവ് കേസിലും പ്രതിയാക്കിയെന്നും പുല്ലാട് സ്വദേശി കണ്ണൻ ആരോപിച്ചു. കോയിപ്രം സിഐ സുരേഷ് കുമാർ നിലവിൽ മറ്റൊരു കസ്റ്റഡി മർദന ആരോപണത്തിൽ സസ്പെൻഷനിലാണ്.
'പരാതിയുണ്ടെന്ന് പറഞ്ഞ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അങ്ങോട്ടേക്ക് ചെന്നു, കൂടെ ഭാര്യയുമുണ്ടായിരുന്നു. ഒരു ഒപ്പിടാൻ പറഞ്ഞു അതിനുശേഷം തിരിച്ചുപറഞ്ഞയച്ചു. അതുകഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞ് വീണ്ടും വിളിപ്പിച്ചു, ചെന്നു. ജോബിൻ കൈ കൊണ്ട് മുഖത്തടിച്ചു കുനിച്ചുനിർത്തി. പിന്നീട് രണ്ടുപേരും കൈമുട്ട് കൊണ്ട് അടിച്ചു. എന്താണ് ചെയ്ത തെറ്റെന്ന് എനിക്ക് അറിയില്ല'.- കണ്ണൻ പറഞ്ഞു.